തിരുവനന്തപുരം: വരാപ്പുഴയിൽ പൊലീസ് ആളുമാറി പിടികൂടിയ എസ് ആർ ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതാണെന്ന സംശയം ബലപ്പെടുന്നു. ശ്രീജിത്തിന്റെ ശരീരത്തിൽ മൂന്നാം മുറ പ്രയോഗിക്കാൻ ആയുധം ഉപയോഗിച്ചിരിക്കാമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശം. ശ്രീജിത്തിന്റെ ശരീരമാകെ പോറലുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അസാധരണമാം വിധമാണ് ദേഹത്ത് ചതവുകളുളളത്. ശ്രീജിത്തിന്റെ ഇരുതുടകളിലെയും പേശികൾ ഒരുപോലെ ഉടഞ്ഞിരുന്നു.

അഞ്ചു പേജുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളിലായാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത അന്നു മുതൽ ഒൻപതാം തീയതി വരെയുള്ള മൂന്നു ദിവസങ്ങളിലെ മർദ്ദനത്തിന്‍റെ ലക്ഷണങ്ങളാണ് കണ്ടെത്താനായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഏതെങ്കിലും ആയുധം ഉപയോഗിച്ചാകാം മര്‍ദ്ദനം ഏറ്റതെന്ന സംശയത്തിന് ബലം കൂട്ടുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പൊലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. മൊഴികളില്‍ വൈരുദ്ധ്യമുളള പശ്ചാത്തലത്തിലാണ് നുണ പരിശോധന നടത്തുക. മര്‍ദ്ദനം എങ്ങനെയെന്ന് സ്ഥിരീകരിക്കാൻ അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം വിദഗ്ദ്ധ ഉപദേശം തേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ