തിരുവനന്തപുരം: ശ്രീജിവിന്റേത് കസ്റ്റഡി മരണമെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി മുൻ ചെയർമാനും റിട്ട. ജഡ്‌ജിയുമായ കെ.നാരായണകുറുപ്പ് അഭിപ്രായപ്പെട്ടു. കസ്റ്റഡിയിൽ നടന്ന കൊലപാതകം മറച്ചുവയ്ക്കാൻ പൊലീസ് കളള തെളിവുണ്ടാക്കിയതായും നാരായണകുറുപ്പ് വ്യക്തമാക്കി. തന്രെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ അവ്യക്തത ഉണ്ട്. അത് നീക്കം ചെയ്യാൻ സർക്കാർ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.

മൂന്ന് വർഷം മുമ്പ് 2014 മെയ് 19നാണ് നെയ്യാറ്റിൻകര കുളത്തൂർ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 21 ന് ശ്രീജീവ് മരിച്ചു. ഈ വിഷയുമായി ബന്ധപ്പെട്ട് 765 ദിവസമായി ശ്രീജിവിന്രെ സഹോദരൻ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിലാണ്. ഈ സമരത്തിന് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സമൂഹത്തിന്രെ വിവിധ തലങ്ങളിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്ന സമയത്താണ് പൊലീസ് കംപ്ലൈന്ര് അതോറിറ്റി മുൻ ചെയർമാൻ നാരായണകുറുപ്പിന്ര അഭിപ്രായ പ്രകടനം പുറത്തുവരുന്നത്. അദ്ദേഹം ഈ വിഷയത്തിൽ പൊലീസിന്രെ ഭാഗത്ത് നിന്നും തെറ്റുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ശ്രീജീവിന്രെ സഹോദരൻ ശ്രീജിത്ത് നീതി തേടി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന ഏകാംഗ സമരം 765 ദിവസം പിന്നിടുമ്പോൾ കേരളത്തിന്രെ വിവിധ ഭാഗങ്ങളിൽ നിന്നുളള പിന്തുണ അദ്ദേഹത്തിന് ലഭിച്ചു കഴിഞ്ഞു. സഹോദരന്രെ നീതി തേടിയുളള പോരാട്ടം കേരളത്തിന്രെ നീതി ബോധത്തെ പിടിച്ചു കുലുക്കുമ്പോഴാണ് പൊലീസ് കംപ്ലൈന്ര് അതോറിറ്റിയുടെ മുൻ ചെയർമാന്രെ വെളിപ്പെടുത്തൽ.

2014 മെയ് 19 -നാണു ഏതോ പെറ്റി കേസുണ്ടെന്ന് പറഞ്ഞു നെയ്യാറ്റിൻകര കുളത്തൂർ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പിറ്റേ ദിവസമാണ് ശ്രീജീവ് ആശുപത്രിയിൽ മരണമടയുന്നത്. ലോക്കപ്പിൽ വച്ച് ശ്രീജീവ് വിഷം കഴിച്ചു എന്നാണ് പൊലീസ് ഭാഷ്യം. അയൽവാസിയായ ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശ്രീജീവിനെ പെൺകുട്ടിയുടെ ബന്ധുവായ പൊലീസുകാരന്റെ സഹായത്തോടെ അപായപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഈ ആരോപണം ഉന്നയിച്ച് സഹോദരനായ ശ്രീജിത്ത് സംസ്‌ഥാന പൊലീസ് കംപ്ലൈന്റ് അതോറിറ്റിക്ക് പരാതി നൽകി. ശ്രീജീവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചതായുള്ള പൊലീസിന്റെ വാദം പൊള്ളയാണെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ശ്രീജീവിനെ പൊലീസ് മർദിച്ചു അവശനാക്കി വിഷം കഴിപ്പിച്ചതാണെന്നും സംസ്‌ഥാന പൊലീസ് കംപ്ലൈന്റ് അതോറിറ്റി കണ്ടെത്തി. പാറശാല സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ഗോപകുമാറും, അഡിഷണൽ എസ്ഐ ഫിലിപ്പോസും, സിവിൽ പൊലീസ് ഓഫിസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ് എന്നിവരാണ് ഇതിനു കാരണക്കാർ എന്നും പൊലീസ് കംപ്ലൈന്റ് അതോറിറ്റി കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ടു മഹസർ തയാറാക്കിയ സബ് ഇൻസ്‌പെക്ടർ ഡി.ബിജുകുമാർ വ്യാജ രേഖ ചമച്ചതായും അതോറിറ്റി കണ്ടെത്തി.

ഇതുസംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തുന്നതിന് സംസ്‌ഥാന പൊലീസ് മേധാവിക്ക് 2015 മേയ് മാസം 17 ന് നിർദേശം നൽകിയെങ്കിലും അന്വേഷണ സംഘംപോലും രൂപീകരിക്കാതെ വളരെ അലസമായ നിലപാടാണ് പൊലീസ് മേധാവിയും ആഭ്യന്തരവകുപ്പും ഈ വിഷയത്തിൽ എടുക്കുന്നത് എന്ന് ആരോപിച്ച് ശ്രീജിത്ത് സമരം നടത്തിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ സമരം നിരാഹാരമാക്കി ശ്രീജിത്ത് ശക്തമാക്കി. അന്ന് നടിയും ആക്ടിവിസ്റ്റുമായ മാലാ പാർവ്വതി ഉൾപ്പെടെയുളളവർ ഇടപെട്ടതിന് തുടർന്ന് 453 ദിവസം പിന്നിട്ടപ്പോൾ കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ സർക്കാർ ചില ഉറപ്പുകൾ നൽകി. ഇതേ തുടർന്ന് 38 ദിവസമായി തുടർന്ന് വന്ന നിരാഹാര സമരം ശ്രീജിത്ത് അവസാനിപ്പിച്ചിരുന്നു.

മാർച്ച് എട്ടിന് വനിതാ ദിനത്തിലാണ് നടിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവ്വതി ശ്രീജിത്തിനൊപ്പം എന്ന് പ്രഖ്യാപിച്ച് സെക്രട്ടേറ്റയിറ്റിന് മുന്നിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയത്. പി.സി.ജോർജ് എംഎൽഎയും സമരസ്ഥലത്തെത്തി. ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് അന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നതുവരെ, കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിത്ത് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ