കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ വടക്കൻ പറവൂർ സിഐ ക്രിസ്‌പിൻ സാമിനെ അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന്  ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ അഞ്ചാം പ്രതിയാകും ക്രിസ്പിന്‍. വ്യാജ രേഖ ചമച്ചു, അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല.

 

ശ്രീജിത്തിനെ രാത്രിയിൽ വീട്ടിലെത്തിയാണ് പൊലീസ് കൊണ്ടുപോയത്. എന്നാൽ അറസ്റ്റ് ചെയ്തത് പിറ്റേന്ന് രാവിലെയാണെന്ന മട്ടിൽ രേഖകളിൽ തിരിമറിക്കു ശ്രമിച്ചുവെന്നാണ് ക്രിസ്‌പിന് എതിരെ ഉയർന്നിരിക്കുന്ന പരാതി.

വരാപ്പുഴ ദേവസ്വംപാടം വാസുദേവന്‍ കുളമ്പുകണ്ടം വീട്ടില്‍ വാസുദേവൻ (55) മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ഉൾപ്പെടെയുളളവരെ മർദിക്കാൻ എസ്ഐ ദീപക്കിന് നിർദേശം നൽകിയത് സിഐ ക്രിസ്‌പിനാണെന്നും ആരോപണമുണ്ട്. കൺട്രോൾ റൂമിൽനിന്നുള്ള നിർദേശപ്രകാരം വരാപ്പുഴയിലെത്തിയ തങ്ങളോട് പ്രതികളെ പിടിക്കാൻ നിർദേശിച്ചതു സിഐ ആണെന്ന് അറസ്റ്റിലായ ആലുവ റൂറൽ എസ്‌പിയുടെ റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ശ്രീജിത്തിന്റെ മരണത്തെ തുടർന്ന് സസ്‌പെൻഷനിലാണ് ക്രിസ്‌പിൻ സാം.

ഏപ്രിൽ ഒന്‍പതാം തീയതിയാണ് വരാപ്പുഴ ദേവസ്വംപാടം ഷേണോയിപറമ്പില്‍ ശ്രീജിത്ത് (27) പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. കസ്റ്റഡിയില്‍ വച്ച് മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു മരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.