കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ തങ്ങളെ ബലിയാടാക്കുന്നുവെന്ന ആരോപണവുമായി അറസ്റ്റിലായ ആർടിഎഫ് ഉദ്യോഗസ്ഥർ. കേസിൽ തങ്ങളെ കുടുക്കാൻ പൊലീസ് ഗൂഢാലോചന നടത്തിയെന്നും ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പം തങ്ങൾക്കും നീതി കിട്ടണമെന്നും അറസ്റ്റിലായ സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നീ ആര്‍ടിഎഫ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

അറസ്റ്റിലായവർ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിലാകുന്നതിന് മുൻപാണ് വീഡിയോ ചിത്രീകരിച്ചിട്ടുളളത്.

ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് ഞങ്ങൾ മൂന്നുപേരെ പ്രതികളാക്കുന്നത്. മേലുദ്യോഗസ്ഥരുടെ നിർദേശമനുസരിച്ചാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിനെ പൊലീസ് വാഹനത്തില്‍ കയറ്റിവിടുക മാത്രമാണ് ചെയ്തത്. മര്‍ദിച്ചിട്ടില്ല. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ജോലിയോടുള്ള ആത്മാര്‍ഥതയുള്ളതിനാലാണ്. മേലുദ്യോഗസ്ഥരില്‍ നിന്ന് ഇതിന് അഭിനന്ദനവും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വീഡിയോയിൽ പറയുന്നു.

ഞങ്ങളെ ബലിയാടാക്കി യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. നുണപരിശോധനയ്ക്ക് ഞങ്ങൾ തയ്യാറാണ്. കോടതിയെ മാത്രമേ ഞങ്ങൾക്ക് വിശ്വാസമുളളൂ. തങ്ങളെ കരുവാക്കി കുറ്റക്കാര്‍ രക്ഷപ്പെടുകയാണെന്നും വീഡിയോയിൽ പറയുന്നു.


(വീഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്)

വരാപ്പുഴയിൽ വീടുകയറി ആക്രമിച്ചതിനെ തുടർന്ന് വാസുദേവൻ എന്ന മദ്ധ്യവയസ്‌കൻ ആത്മഹത്യ ചെയ്തിരുന്നു. ക്ഷേത്ര ഉത്സവത്തിനിടയിലെ സംഘർഷമാണ് ഇതിലേക്ക് എത്തിയത്. സിപിഎം പ്രവർത്തകനായിരുന്നു വാസുദേവൻ. ശ്രീജിത്ത് അടക്കമുളള 15 അംഗ സംഘമാണ് സിപിഎം അനുഭാവിയായ വാസുദേവന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന്റെ ആരോഗ്യനില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. ആശുപത്രിയിൽ വച്ചായിരുന്നു ശ്രീജിത്തിന്റെ മരണം. കസ്റ്റഡിയിൽ വച്ച് ശ്രീജിത്തിനെ പൊലീസ് മർദ്ദിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആരോപണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ