മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍. ബിനോയ് കോടിയേരിയും അമ്മ വിനോദിനി ബാലകൃഷ്ണനും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ.പി.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഏപ്രില്‍ 18 ന് വിനോദിനിയും 29 ന് ബിനോയിയും ചര്‍ച്ചയ്ക്കായി തന്റെ അടുത്ത് എത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റാണെന്നും ശ്രീജിത്ത് പറയുന്നു.

Read Also: ബിനോയ് കുരുക്കില്‍; കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും ബിനോയിയുടെ പേര്

ചര്‍ച്ചയ്ക്ക് ശേഷം കോടിയേരിയുമായി വിഷയത്തെ കുറിച്ച് താന്‍ ഫോണില്‍ സംസാരിച്ചു എന്നാണ് അഭിഭാഷകന്‍ ശ്രീജിത്ത് പറയുന്നത്. വിഷയത്തിന്റെ ഗൗരവം കോടിയേരിയെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, ബിനോയ് പറയുന്നത് മാത്രമാണ് അദ്ദേഹം വിശ്വസിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള നീക്കമായാണ് കോടിയേരി വിഷയത്തെ കണ്ടത്. നഷ്ടപരിഹാരമായി ചോദിച്ച തുക നൽകരുതെന്ന് വിനോദിനി ബാലകൃഷ്ണൻ പറയുകയും ചെയ്തെന്ന് അഭിഭാഷകൻ ശ്രീജിത്ത് കൂട്ടിച്ചേർത്തു.

എന്നാൽ, തനിക്ക് സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് കോടിയേരി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. എഫ്ഐആർ രജിസ്റ്റർ ചെയതപ്പോഴാണ് ഇങ്ങനെയൊരു വിഷയത്തെ കുറിച്ച് താൻ അറിഞ്ഞതെന്നുമായിരുന്നു കോടിയേരി പറഞ്ഞത്. പരാതിക്കാരി തന്നെ കോടിയേരി ബാലകൃഷ്ണന് കാര്യങ്ങൾ അറിയാമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇതേ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് ഒന്നും അറിയില്ലെന്ന് പറയുകയായിരുന്നു കോടിയേരി. അതിനു പിന്നാലെയാണ് അഭിഭാഷകൻ ശ്രീജിത്ത് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇത് കോടിയേരിയെ കൂടുതൽ സമ്മർദത്തിലാക്കും.

അതിനിടെ പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ബിനോയിക്കെതിരെ പരാതി ഉന്നയിച്ച യുവതിയുടെ കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേര് ബിനോയ് എന്നാണ്. കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ബിനോയിക്കെതിരെ കുരുക്ക് മുറുകുകയാണ്.

ഗ്രേറ്റര്‍ മുംബൈയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലാണ് കുഞ്ഞിന്റെ ജനനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010 ലാണ് സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജനനസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അതേസമയം, ബിനോയ് കോടിയേരി സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. നിലവില്‍ ബിനോയ് കോടിയേരിക്കായുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്. ബിനോയ് എവിടെയാണ് ഒളിവിലുള്ളതെന്ന് ഇതുവരെ പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല.

Read Also: വിവാദ വിഷയങ്ങള്‍ ഇന്ന് ചര്‍ച്ചയാകും; സിപിഎം സംസ്ഥാന സമിതി തുടരുന്നു

ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത് ഇനിയും വൈകാനാണ് സാധ്യത. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. അതേസമയം, ബിനോയ് ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് യാതൊരു സൂചനകളും ലഭിച്ചിട്ടില്ല.

ബിനോയ് കോടിയേരിയെ വെട്ടിലാക്കി പാസ്പോർട്ട് രേഖകൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. പരാതിക്കാരിയായ യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. 2014ൽ പുതുക്കിയ പാസ്പോർട്ടിലാണ് ബിനോയിയുടെ പേരുള്ളത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിക്കൊപ്പം ഈ രേഖകളും പരാതിക്കാരി നൽകിയിട്ടുണ്ട്. 2004ൽ എടുത്ത പാസ്പോർട്ട് 2014ൽ പുതുക്കിയപ്പോഴാണ് രണ്ടാം പേരായി ഭർത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന് ചേർത്തിരിക്കുന്നത്. എന്നാൽ പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ചേർക്കാൻ രേഖകളുടെ ആവശ്യമില്ല. യുവതിക്ക് പണം നൽകിയതിന് തെളിവായി ബാങ്ക് രേഖകളും പുറത്ത് വന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.