തിരുവനന്തപുരം: ശബരിമല തന്ത്രി തന്നോട് നിയമോപദേശം തേടിയതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിളള. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങളെ പോലുളളവര്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തോടുളള ദ്രോഹമാണ് ചെയ്യുന്നത്. ലൈവായി പോയ ഒരു വീഡിയോ ആണ് ഇന്ന് എടുത്തിട്ടത്. ഞങ്ങള്‍ എന്തോ രഹസ്യം കണ്ടെത്തിയെന്ന രീതിയിലാണ് പറഞ്ഞത്. യുറേക്കാ..യുറേക്കാ എന്ന് വിളിച്ച് പറയുന്നു. ശബരിമലയിലെ മാധ്യമനിയന്ത്രണത്തിനെതിരെ ശബ്ദിക്കാന്‍ ആരുമുണ്ടായില്ല. സിപിഎം എന്ന പാര്‍ട്ടിയില്‍ പെട്ട് പോയ ചിലര്‍ മാധ്യമങ്ങളിലുണ്ട്. ജനാധിപത്യ ബോധമുളളവര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കട്ടെ,’ പിളള പറഞ്ഞു.

‘ഒരു അഭിഭാഷകനായ എന്നോട് അഭിപ്രായം ചോദിച്ചതില്‍ എന്താണ് തെറ്റ്. മുമ്പ് സിപിഎമ്മും കോണ്‍ഗ്രസും എല്ലാവരും ഉപദേശം തേടിയിട്ടുണ്ട്. ശബരിമലയിലെ ക്രൂരതയില്‍ നിന്ന് ജനങ്ങളെ വഴി തിരിച്ച് വിടുന്നതിനാണ് എന്റെ പ്രസംഗം നിരന്തരം കാണിക്കുന്നത്. ഇക്കാര്യത്തില്‍ ദുരുദ്ദേശമാണ് ഉളളത്. സിപിഎം വിഭാഗക്കാരായ മാധ്യമപ്രവര്‍ത്തകരാണ് ഇത് വിവാദമാക്കുന്നത്,’ ശ്രീധരന്‍ പിളള പറഞ്ഞു.

എന്നാല്‍ ശബരിമല വിഷയം സുവര്‍ണാവസരമാണെന്ന പരാമര്‍ശത്തെ കുറിച്ച് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. ജനങ്ങളെ സേവിക്കാനുളള അവസരമാണ് ഇതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം പറഞ്ഞു. കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പറയാനാവില്ലെന്നും പിളള കൂട്ടിച്ചേര്‍ത്തു.

‘തന്ത്രിക്ക് കൊടുത്തത് നിയമോപദേശമാണ്. അഭിഭാഷകനും കക്ഷിയും തമ്മിലുളള സംഭാഷണമാണ് അത്. അതിന് കൂടുതല്‍ വെളിപ്പെടുത്തല്‍ നല്‍കേണ്ട കാര്യമില്ല,’ ശ്രീധരന്‍ പിളള പറഞ്ഞു. എന്നാല്‍ ബിജെപി പ്രസിഡന്റെന്ന നിലയിലല്ലെ തന്ത്രിയുമായി സംഭാഷണം നടത്തിയതെന്ന ചോദ്യത്തിന് പിളള ക്ഷുഭിതനായി. സിപിഎമ്മിന് വേണ്ടി വാര്‍ത്ത  കൊടുക്കുന്നുവെന്ന് പറയുന്ന 12 മാധ്യമപ്രവര്‍ത്തകരുടെ പേര് പിളള പുറത്തുവിടണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തനിക്ക് കഴിയില്ലെന്നാണ് പിളള മറുപടി പറഞ്ഞത്. സുപ്രിംകോടതി വിധിക്കെതിരായ നിലപാട് പറയേണ്ടപ്പോള്‍ പറയാമെന്നും പിളള കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.