കോഴിക്കോട്: ശബരിമലയിൽ സ്ത്രീകൾ വരുന്നതിന് എതിരെയല്ല ഇപ്പോഴത്തെ സമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള. ശബരിമലയെ കമ്മ്യൂണിസ്റ്റുകാർ തകർക്കാൻ ശ്രമിക്കുന്നു. കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണ് ഞങ്ങളുടെ സമരം. സ്ത്രീകൾ വരുന്നതും പോകുന്നതും നോക്കാൻ വേണ്ടിയല്ലെന്നും ശ്രീധരൻ പിളള പറഞ്ഞു. സര്‍ക്കാരിന്റെ അജണ്ട ശബരിമലയെ തകര്‍ക്കുക മാത്രമാണെന്നും ഈ നിലപാടിനോട് ബിജെപിക്ക് യോജിക്കാനാവില്ലെന്നും ശ്രീധരൻപിളള പറഞ്ഞു.


(വീഡിയോ കടപ്പാട്: പീപ്പിൾ ന്യൂസ്)

അതിനിടെ, നിരോധനാനജ്ഞ ലംഘിച്ച് ശബരിമലയിൽ സംഘടിക്കാൻ ആഹ്വാനം നല്‍കിയ ബിജെപിയുടെ ഉത്തരവ് പുറത്തായി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ഒപ്പിട്ട് അയച്ച കത്താണ് പുറത്തുവന്നത്. ശബരിമല ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാ നിയോജക മണ്ഡലങ്ങളിൽ നിന്നും പ്രവർത്തകർ ശബരിമലയിലേക്ക് പോകാനാണ് നിർദേശം. 17ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം നട അടയ്ക്കുന്ന ഡിസംബർ 15വരെ ഓരോ നേതാക്കൾക്കും ചുമതല കൊടുത്തു കൊണ്ട് പ്രവർത്തകരെ എത്തിക്കാനാണ് നിർദേശം.

ഒരു ദിവസം മൂന്ന് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരെ ശബരിമലയിലെത്തിക്കാനാണ് നിര്‍ദേശം. ഓരോ ദിവസവും ഓരോ ബിജെപി നേതാക്കൾക്ക് ചുമതല നൽകിയിട്ടുണ്ട്. ഈ മാസം 18 മുതൽ‌ നട അടയ്ക്കുന്നതുവരെയുള്ള ദിവസങ്ങളിൽ ശബരിമലയില്‍ എത്തേണ്ടവരുടെ വിവരങ്ങളും ചുമതലയുള്ള ബിജെപി, ആർഎസ്എസ് നേതാക്കളെക്കുറിച്ചും സർ‌ക്കുലറിൽ വ്യക്തമാക്കുന്നു.

ഒരു സംഘ ജില്ലയിൽ നിന്നുള്ള പ്രവർത്തകരാണ് ഓരോ ദിവസവും വരേണ്ടത്. ഇതനുസരിച്ച് ഇന്ന് വരേണ്ടത് ആറ്റങ്ങിൽ സംഘ ജില്ലയിൽ നിന്നുള്ള പ്രവർത്തകരാണ്. ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് എത്തേണ്ടത്. കഴിഞ്ഞ ദിവസം നെടുമങ്ങാട് സംഘ ജില്ലയിൽ നിന്നുള്ള പ്രവർത്തകരായിരുന്നു എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.