തിരുവനന്തപുരം: ശബരിമല ദർശനത്തിന് മനിതി സംഘം എത്തിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിനും സിപിഎമ്മിനും പങ്കുണ്ട്. നിരീശ്വരവാദികളെ കരുക്കളാക്കി സർക്കാർ നാടകം കളിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് നാടകം അരങ്ങേറിയതെന്ന് ശ്രീധരൻ പിളള ആരോപിച്ചു.

ഭീകരവാദികളുമായി സംഘത്തിന് ബന്ധമുണ്ട്. ശബരിമലയെ തകർക്കാൻ സിപിഎം ആസൂത്രിത നീക്കമാണ് നടക്കുന്നത്. മനിതി സംഘം എത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസിയായ എഎൻഐ അന്വേഷിക്കണം. ഭക്തരല്ല സംഘത്തിലുണ്ടായിരുന്നത്. ബിജെപി നാളെ സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു..

സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന മനിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽനിന്നും 11 പേരടങ്ങിയ സംഘമാണ് ശബരിമല ദർശനത്തിന് എത്തിയത്. പമ്പ ഗണപതി കോവിലിൽ കെട്ടുനിറയ്ക്കാൻ പൂജാരിമാർ വിസമ്മതിച്ചതിനെ തുടർന്ന് സ്വയം കെട്ടുനിറച്ചാണ് മനിതി സംഘം മല കയറാൻ ഒരുങ്ങിയത്. 11 പേരടങ്ങിയ സംഘത്തിലെ ആറുപേരാണ് കെട്ടുനിറച്ച് പതിനെട്ടാം പടി കയറാൻ പോയത്.

പക്ഷേ, ശബരിമല ദർശനത്തിന് മുൻപ് സ്ത്രീകൾ എത്തിയപ്പോഴുണ്ടായ ശക്തമായ പ്രതിഷേധം മനിതി സംഘത്തിനു നേരെയും ഉണ്ടായി. പ്രതിഷേധം ശക്തമായിട്ടും മല കയറുന്നതിൽനിന്നും പിന്മാറാൻ സംഘം തയ്യാറായില്ല. പൊലീസ് അനുനയശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. യുവതികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി യുവതികൾക്ക് മല ചവിട്ടാൻ പൊലീസ് സുരക്ഷ ഒരുക്കി.

യുവതികൾ മല കയറാൻ തുടങ്ങിയതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. 100 മീറ്റർ മാത്രമേ യുവതികൾക്ക് പോകാനായുളളൂ. അതിനിടെ പ്രതിഷേധക്കാരുടെ സംഘം കൂട്ടമായെത്തി യുവതികളെ തടഞ്ഞു. പ്രാണരക്ഷാർത്ഥം യുവതികൾ പൊലീസ് ഗാർഡ് റൂമിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് ഇവരെ പമ്പ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. പ്രതിഷേധം ശക്തമായതോടെ മനിതി സംഘം മല കയറാതെ മടങ്ങി.

സ്വന്തം ഇഷ്ടപ്രകാരമാാണ് സംഘം മടങ്ങുന്നതെന്നാണ് പമ്പ എസ്‌പി കാർത്തികേയൻ പറഞ്ഞത്. എന്നാൽ പൊലീസ് തങ്ങളെ നിർബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നുവെന്നും മല ചവിട്ടാൻ വീണ്ടും എത്തുമെന്നും മനിതി സംഘം എത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ