തിരുവനന്തപുരം: കൊല്ലം ബൈപാസ് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ ശരണം വിളിച്ച സംഭവത്തില്‍ അപലപിച്ച് പി.എസ്.ശ്രീധരൻ പിള്ള. കൂവിയത് ജനാധിപത്യ സംവിധാനത്തില്‍ ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും എത്ര എതിര്‍പ്പുണ്ടെങ്കിലും കൂവുന്നത് ശരിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
കുമ്മനം ട്രെയിനില്‍ കയറിയപ്പോള്‍ വാര്‍ത്തയായത് പോലെ വാര്‍ത്തയാകാതിരിക്കാനാണ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു.
Read: പ്രസംഗത്തിനിടെ ശരണം വിളി; എന്തും കാണിക്കാനുള്ള വേദിയല്ലെന്ന് മുഖ്യമന്ത്രിയുടെ താക്കീത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സംസാരിക്കവെയായിരുന്നു സദസില്‍ നിന്നും ശരണം വിളി ഉയര്‍ന്നത്. തുടര്‍ന്ന് പിണറായി വിജയന്‍ ശക്തമായ താക്കീത് നല്‍കിയതോടെ സദസ് ശാന്തമായി. വെറുതെ ശബ്ദമുണ്ടാക്കരുതെന്നും ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സെക്രട്ടേറിയറ്റ് സമരത്തിന്റെ രൂപം മാറ്റുമെന്നും ശ്രീധരൻ പിള്ള സൂചന നല്‍കി. പ്രഖ്യാപിതമായ ആവശ്യം ലക്ഷ്യം കാണുന്നത് വരെ സമരരംഗത്ത് തുടരും. പക്ഷേ സമരത്തിന്റെ രൂപവും ഭാവവും മാറിയേക്കാമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.