തിരുവനന്തപുരം: കെ.സുരേന്ദ്രനെതിരായ സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സുരേന്ദ്രന്‍ ചൈതന്യമുള്ള നേതാവാണെന്നും അദ്ദേഹത്തെ താറടിച്ച് കാണിക്കാനാണ് നടക്കുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രനെതിരായ പ്രചരണങ്ങളെ ബിജെപി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലേക്കുള്ള പാതയില്‍ വച്ച് സുരേന്ദ്രന്‍ ലഹരി വസ്തു ഉപയോഗിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് സുരേന്ദ്രനെ ന്യായീകരിച്ച് ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്. വിഷയത്തില്‍ സുരേന്ദ്രന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം, പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികതയും തെളിയിക്കാനായിട്ടില്ല.

ഇടത് വലത് മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. 100 സീറ്റാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്. എന്നാല്‍ നാല് വര്‍ഷമായി 44 കൗണ്‍സിലര്‍മാരുമായാണ് എല്‍ഡിഎഫ് ഭരിക്കുന്നതും ബജറ്റ് പാസാക്കുന്നതും വോട്ടെടുപ്പ് വിജയിക്കുന്നതുമൊക്കെ. ഇത് എങ്ങനെയാണെന്ന് യുഡിഎഫ് ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഞ്ചേശ്വരത്തെ രണ്ട് പഞ്ചായത്തുകളിലും എല്‍ഡിഎഫും യുഡിഎഫും പഞ്ചായത്ത് പ്രസിഡന്റ് പദവികള്‍ പങ്കിട്ടെടുക്കുകയാണ്. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും മണ്ഡലങ്ങളില്‍ ഇരുപാര്‍ട്ടികളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ്. ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞ് ഇടത് വലത് മുന്നണികള്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നഷ്ടപ്പെട്ട സിപിഎം യുഡിഎഫിനെ തടയിടാതെ ബിജെപിക്കെതിരെയാണ് നിലയുറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.