കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ വീണ്ടും നിലപാട് മാറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് പ്രശ്‌നമല്ലെന്ന് പറഞ്ഞിട്ടില്ലെന്നും യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്‌നമെന്നുമാണ് ശ്രീധരന്‍പിള്ളയുടെ പുതിയ നിലപാട്.

”ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്നം. സ്ത്രീ പ്രവേശനമല്ല. ശബരിമല തകര്‍ക്കാനായി കമ്മ്യൂണിസ്റ്റുകള്‍ നടത്തിവരുന്ന ശ്രമത്തെപ്പറ്റി തുടക്കം മുതലെ ഞാന്‍ പറയുന്നത് ഇന്നും കോഴിക്കോട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ആവര്‍ത്തിക്കുകയായിരുന്നു. ആ പ്രസ്താവനയെ തെറ്റായി ഉദ്ധരിച്ചും വളച്ചൊടിച്ചും തെറ്റിധാരണ പരത്താനുള്ള ചിലരുടെ ശ്രമം നിര്‍ഭാഗ്യകരമാണ്” ശ്രീധരന്‍പിള്ള പറയുന്നു.

ശബരിമലയില്‍ സ്ത്രീകള്‍ വരുന്നതിന് എതിരെയല്ല ഇപ്പോഴത്തെ സമരമെന്നായിരുന്നു നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിളളയുടെ നിലപാട്. ശബരിമലയെ കമ്മ്യൂണിസ്റ്റുകാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണ് ഞങ്ങളുടെ സമരം. സ്ത്രീകള്‍ വരുന്നതും പോകുന്നതും നോക്കാന്‍ വേണ്ടിയല്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു. സര്‍ക്കാരിന്റെ അജണ്ട ശബരിമലയെ തകര്‍ക്കുക മാത്രമാണെന്നും ഈ നിലപാടിനോട് ബിജെപിക്ക് യോജിക്കാനാവില്ലെന്നും ശ്രീധരന്‍പിളള പറഞ്ഞു.

Read ALso: ശബരിമലയിൽ സ്ത്രീകൾ വരുന്നതിനെതിരെയല്ല സമരം, കമ്മ്യൂണിസ്റ്റുകാർക്കെതിരെ: നിലപാടു മാറ്റി പി.എസ്.ശ്രീധരൻ പിളള

ശ്രീധരന്‍പിള്ളയുടെ നിലപാടിനെതിരെ മന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കു വിശ്വസിച്ച് സമരവും അക്രമവും നടത്തി ജാമ്യം ലഭിക്കാത്ത കേസുകളില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരോട് അദ്ദേഹം ഇനിയെന്തു പറയും? എന്ന് തോമസ് ഐസക് ചോദിക്കുന്നു.

ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം നല്‍കാമെന്ന തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ബിജെപിയുടെ സമരം ശക്തമാക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ് തികഞ്ഞ ഭീരുവിനെപ്പോലെ ഇന്ന് മലക്കം മറിഞ്ഞതെന്നും തോമസ് ഐസക്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

സ്ത്രീകള്‍ ശബരിമലയില്‍ വരുന്നതില്‍ പ്രതിഷേധമുള്ള വിശ്വാസികളുണ്ടെങ്കില്‍ പിന്തുണയ്ക്കുമെന്നും, അത്രേ തങ്ങള്‍ ചെയ്യൂ എന്നൊക്കെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കരണം മറിയുന്ന അഡ്വ.പിഎസ് ശ്രീധരന്‍ പിള്ള, ചുരുങ്ങിയ പക്ഷം ജാമ്യം ലഭിക്കാതെ ജയിലില്‍ കിടക്കുന്ന സ്വന്തം പ്രവര്‍ത്തകരോട് പരസ്യമായി മാപ്പു പറയാനെങ്കിലും തയ്യാറാകണം. കാരണം, എത്രയോ ദിവസമായി അവര്‍ ഇരുമ്പഴിയ്ക്കുള്ളില്‍ കിടക്കുന്നതിന് കാരണം ശ്രീധരന്‍ പിള്ളയാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.