തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ തുടക്കമാണ് ടോം വടക്കന്റെ വരവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇനിയും ഇത് തുടരുമെന്നും വിളിച്ചാല്‍ ആ നിമിഷം ബിജെപിയിലേക്ക് വരാന്‍ ആളുകള്‍ തയ്യാറാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ടോം വടക്കന്റെ കളം മാറ്റം താന്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ മാധ്യമങ്ങളോട് പറയാതിരിക്കുകയായിരുന്നുവെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കോണ്‍ഗ്രസ് കാപട്യത്തിന്റെ മുഖമായി മാറുകയാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Read More: ‘കോണ്‍ഗ്രസില്‍ കുടുംബവാഴ്ച’; ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേർന്നത് അറിയിച്ചത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ കോണ്‍ഗ്രസ് വിടുന്നതെന്ന് ടോം വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യത്ത് നടക്കുന്ന വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുടുംബവാഴ്ചയാണ് നിലവിലുള്ളതെന്ന വിമര്‍ശനവും ടോം വടക്കന്‍ ഉന്നയിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു.