കോഴിക്കോട്: ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. ബുധനാഴ്ച വൈകീട്ടോടെയാണ് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ സാംബശിവ റാവുവിനെ സാന്നിദ്ധ്യത്തിൽ ശ്രീധന്യ അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റത്. രണ്ടാഴ്ച ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് സ്ഥാനമേൽക്കുന്നത്.

കോവിഡ് കാലത്ത് ചുമതലയേൽക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ശ്രീധന്യ പറഞ്ഞു. കോഴിക്കോട് തന്റെ രണ്ടാമത്തെ വീടാണെന്നും അവർ അഭിപ്രായപ്പെട്ടു.  2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ശ്രീധന്യ സുരേഷ്. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ നേടിയത്.

കേരളത്തിൽ ആദിവാസി സമുദായത്തിൽ നിന്നുള്ള ആദ്യ സിവില്‍ സര്‍വ്വീസ് ജേതാവാണ് ശ്രീധന്യ സുരേഷ്. തരിയോട് നിര്‍മ്മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്നാണ് ശ്രീധന്യ സിവില്‍ സര്‍വ്വീസ് നേട്ടം കൈവരിച്ചത്.

 

Read More: ‘ആ കാഴ്ചയാണ് ഉള്ളിലൊരു സ്പാര്‍ക്കുണ്ടാക്കിയത്’; അഭിമാന നേട്ടത്തില്‍ ശ്രീധന്യ സുരേഷ്

സിവില്‍ സര്‍വ്വീസ് എന്ന മോഹത്തിലേക്ക് താന്‍ എത്തിയതിന് പിന്നില്‍ 2016 ലുണ്ടായ ഒരു സംഭവമാണെന്ന് ശ്രീധന്യ പഞ്ഞിരുന്നു. അന്ന് പഠനം പൂര്‍ത്തിയാക്കിയ ശ്രീധന്യ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയായിരുന്നു. ഒരു പരിപാടിക്കിടെ, അന്നത്തെ മാനനന്തവാടി സബ്ബ് കലക്ടറായിരുന്ന ശ്രീറാം സാംബശിവ റാവു എത്തുകയുണ്ടായി. അദ്ദേഹത്തിന് ലഭിച്ച സ്വീകരണവും ആദരവുമാണ് തന്റെ ഉളളില്‍ ഐഎഎസ് എന്ന സ്പാര്‍ക്കിന് കാരണമായതെന്നായിരുന്നു ശ്രീധന്യ പറഞ്ഞത്.

Read More: ആയിരം ശ്രീധന്യമാരെ സൃഷ്ടിക്കും: സിവിൽ സർവീസ് നേടിയ ശ്രീധന്യയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

2019 ൽ ശ്രീധന്യ 410-ാം റാങ്കോടെ ഐഎഎസ് നേടിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി, കേരള മുൻ ഗവർണർ പി.സദാശിവം തുടങ്ങിയവർ അഭിനന്ദനം അറിയിച്ചിരുന്നു. സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു മുഖ്യമന്ത്രി അന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ശ്രീധന്യയുടെ കഠിനാധ്വാനവും ആത്മസമർപ്പണവുമാണ് അവരുടെ സ്വപ്‌നം സഫലമാക്കാൻ സഹായിച്ചതെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടിലെത്തിയ അന്നത്തെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ശ്രീധന്യയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് 2019 ഏപ്രിൽ ഏഴിന് രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലെ ഗസ്റ്റ് ഹൗസില്‍ വച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഐഎഎസ് കരസ്ഥമാക്കിയ ശേഷം തിരുവനന്തപുരത്ത് നിന്ന് ആദ്യമായി നാട്ടിലെത്തിയ ശ്രീധന്യ, അച്ഛന്‍ സുരേഷ് അമ്മ കമല സഹോദരന്‍ ശ്രീരാഗ് എന്നിവരോടൊപ്പമായിരുന്നു അന്ന് ഗവര്‍ണറെ കാണാനെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.