കോഴിക്കോട്: ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍. അസിസ്റ്റന്റ് കലക്ടര്‍ ട്രെയിനിയായി ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്. കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ കേരളത്തിൽ ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്നും സിവിൽ സർവീസ് നേടുന്നയാളെന്ന നേട്ടവും ഇതോടെ സ്വന്തമാക്കിയിരുന്നു.
തരിയോട് നിര്‍മ്മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്നാണ് ശ്രീധന്യ സിവില്‍ സര്‍വ്വീസ് നേട്ടം കൈവരിച്ചത്.
Read More: ‘ആ കാഴ്ചയാണ് ഉള്ളിലൊരു സ്പാര്‍ക്കുണ്ടാക്കിയത്’; അഭിമാന നേട്ടത്തില്‍ ശ്രീധന്യ സുരേഷ്
സിവില്‍ സര്‍വ്വീസ് എന്ന മോഹത്തിലേക്ക് താന്‍ എത്തിയതിന് പിന്നില്‍ 2016 ലുണ്ടായ ഒരു സംഭവമാണെന്ന് ശ്രീധന്യ പഞ്ഞിരുന്നു. അന്ന് പഠനം പൂര്‍ത്തിയാക്കിയ ശ്രീധന്യ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയായിരുന്നു. ഒരു പരിപാടിക്കിടെ, അന്നത്തെ മാനനന്തവാടി സബ്ബ് കലക്ടറായിരുന്ന ശ്രീറാം സാംബശിവ റാവു എത്തുകയുണ്ടായി. അദ്ദേഹത്തിന് ലഭിച്ച സ്വീകരണവും ആദരവുമാണ് തന്റെ ഉളളില്‍ ഐഎഎസ് എന്ന സ്പാര്‍ക്ക് ഇട്ടതെന്നായിരുന്നു ശ്രീധന്യ പറഞ്ഞത്.
വീടെന്നു പേരിനു പറയാമെന്നല്ലാതെ പരീക്ഷയ്ക്ക് ഇരുന്ന് പഠിക്കാനുളള സൗകര്യവും സാഹചര്യവും ശ്രീധന്യയുടെ വീട്ടിലുണ്ടായിരുന്നില്ല. പണിതിട്ട് പതിനേഴ് വര്‍ഷമായെങ്കിലും സിമന്റിടാന്‍ പോലും കഴിഞ്ഞിരുന്നില്ല. പാളിയില്ലാത്ത ജനലുകളെ സാരിത്തുമ്പ് കൊണ്ട് മറച്ചാണ് മാതാപിതാക്കൾ ശ്രീധന്യയ്ക്ക് സുരക്ഷയൊരുക്കിയത്. മഴയത്ത് ചോർച്ചയിൽ എന്നും ശ്രീധന്യയുടെ പുസ്തകങ്ങൾ നനഞ്ഞുപോവുമായിരുന്നു. പുസ്തകങ്ങൾ നനയാതിരിക്കാൻ ചാക്കിൽ കെട്ടിവയ്ക്കും. ഇത്തരമൊരു ജീവിത സാഹചര്യത്തിൽനിന്നുമാണ് ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ സ്ഥാനത്തേക്കെത്തുന്നത്.
വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയും കേരള മുൻ ഗവർണർ പി.സദാശിവവും ശ്രീധന്യയെ അഭിനന്ദിച്ചിരുന്നു. ശ്രീധന്യയുടെ കഠിനാധ്വാനവും ആത്മസമർപ്പണവുമാണ് അവരുടെ സ്വപ്‌നം സഫലമാക്കാൻ സഹായിച്ചത്. ശ്രീധന്യയെയും കുടുംബത്തെയും അഭിനന്ദിക്കുകയാണ്. തിരഞ്ഞെടുത്തിരിക്കുന്ന കർമ്മ മേഖലയിൽ മികച്ച വിജയം നേടാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നതായും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടിലെത്തിയ അന്നത്തെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ശ്രീധന്യയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഏപ്രിൽ ഏഴിന് രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലെ ഗസ്റ്റ് ഹൗസില്‍ വച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഐഎഎസ് കരസ്ഥമാക്കിയ ശേഷം തിരുവനന്തപുരത്ത് നിന്ന് ആദ്യമായി നാട്ടിലെത്തിയ ശ്രീധന്യ, അച്ഛന്‍ സുരേഷ് അമ്മ കമല സഹോദരന്‍ ശ്രീരാഗ് എന്നിവരോടൊപ്പമാണ് ഗവര്‍ണറെ കാണാനെത്തിയത്. വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാറും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു.
Read More: ആയിരം ശ്രീധന്യമാരെ സൃഷ്ടിക്കും: സിവിൽ സർവീസ് നേടിയ ശ്രീധന്യയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി