തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്കും ദർശന അനുമതി. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 6 വരെയുമായിരിക്കും ജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം.
ഒരു സമയം 35 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ഓരോ പത്ത് മിനിറ്റിലും പ്രവേശനം നല്‍കും. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ശ്രീപത്മനാഭസ്വാമി തിരുനടയില്‍ ഒറ്റക്കല്‍ മണ്ഡപത്തിലും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിക്ഷേത്ര നാലമ്പലത്തിനുള്ളിലും പ്രവേശനം ഉണ്ടായിരിക്കില്ല.
ദര്‍ശനം ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ ഒരു ദിവസം മുമ്പെങ്കിലും ക്ഷേത്ര വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അതിന്റെ പ്രിന്റ് ഔട്ടും ആധാര്‍ കാര്‍ഡും ദർശനത്തിന് ഹാജരാക്കണം. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം പ്രവേശനം നല്‍കും. എന്നാല്‍ അതാത് ദിവസത്തെ നിശ്ചിത എണ്ണത്തിലും കുറവാണ് രജിസ്ട്രേഷന്‍ എങ്കില്‍ ഈ ദിവസങ്ങളില്‍ സ്‌പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്കും അവസരം ലഭിക്കും.
കോവിഡ് വ്യാപന ഭീഷണിയെ തുടർന്നാണ് രാജ്യത്തെ ആരാധനാലയങ്ങൾ അടച്ചിട്ടകൂട്ടത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഭക്തജനങ്ങൾക്ക് പ്രവേശനം നിർത്തിവച്ചത്. പിന്നാട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആരാധനാലയങ്ങൾ തുറക്കുന്നതിന് ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചെങ്കിലും തലസ്ഥാന ജില്ലയിൽ രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ തുടരുകയായിരുന്നു.