തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ മുൻപ് തുറന്നിട്ടുണ്ടെന്ന സുപ്രീംകോടതി വിലയിരുത്തൽ തെറ്റാണെന്ന് മുൻ തിരുവിതാംകൂർ രാജകുടുംബാംഗം. നിലവറ തുറക്കുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും ആദിത്യവർമ മനോരമ ന്യൂസിനോട് പറഞ്ഞു. ബി നിലവറക്ക് രണ്ട് ഭാഗമുണ്ട്. അതിലൊന്ന് മാത്രമാണ് തുറന്നിട്ടുള്ളത്. അതിനാൽ 9 തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബി നിലവറ തുറക്കണമെന്നും നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ബി നിലവറ തുറക്കാന്‍ ആവശ്യപ്പെട്ടത്. നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കും. ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും മറുപടി ഉടൻ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ആറുനിലവറകളുള്ള ക്ഷേത്രത്തില്‍ ബി ഒഴികെയുള്ള നിലവറകള്‍ ഘട്ടംഘട്ടമായി തുറന്ന് കണക്കെടുപ്പ് നടത്തിയിരുന്നു. എ നിലവറയിലെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് ഒന്നേകാല്‍ ലക്ഷം കോടിയോളം വിലവരുന്ന ശേഖരം കണ്ടെത്തിയത്. രത്നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങളും സ്വര്‍ണവിഗ്രഹങ്ങളും സ്വര്‍ണക്കട്ടികളും എ നിലവറയില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നിലുള്ള ബിയിലും സമാനമായ ശേഖരം ഉണ്ടെന്നാണ് കരുതുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.