കൊച്ചി: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പരിപാടികള്‍ക്കു യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് (യു ജി സി) അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ ഏതൊക്കെ കോഴ്സുകള്ക്കാണെന്നും പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണു ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നതില്‍നിന്ന് ഓപ്പണ്‍ സര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ സര്‍വകലാശാലകളെയും പ്രത്യക്ഷത്തില്‍ വിലക്കിക്കൊണ്ട് ജൂണ്‍ ഒന്പതിനു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണു കോടതി ഇടപെടല്‍.
കേരളത്തിലെ മറ്റു സര്‍വകലാശാലകളില്‍ നടത്തുന്ന വിദൂരവിദ്യാഭ്യാസ കോഴ്സുകളില്‍ ചേരാന്‍ അനുവദിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. കോഴ്സുകള്‍ നടത്താന്‍ ഓപ്പണ്‍ സര്‍വകലാശാലയ്ക്കു യു ജി സിയുടെ അനുമതിയില്ലെന്നു വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ ഒന്‍പതിലെ സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് വിദ്യാഭ്യാസ കോഴ്സുകളുടെ നടത്തിപ്പില്‍നിന്നു മറ്റു സര്‍വകലാശാലകള്‍ വിലക്കപ്പെട്ടിരിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ വാദിച്ചു.
വിദൂരവിദ്യാഭ്യാസ പരിപാടികള്‍ ആരംഭിക്കാന്‍ ഈ വര്‍ഷം പോലും ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നു യു ജി സി കോടതിയെ അറിയിച്ചു. കോഴ്സുകള്‍ നടത്താന്‍ മറ്റു അംഗീകൃത സര്‍വകലാശാലകള്‍ക്കു അനുമതിയുണ്ടെങ്കില്‍ അവര്‍ക്കതു തുടരാമെന്നും യു ജി സി വ്യക്തമാക്കി.
എന്നാല്‍ യു ജി സി വാദത്തെ എതിര്‍ത്ത ഓപ്പണ്‍ സര്‍വകലാശാല, വിദൂരവിദ്യാഭ്യാസ പരിപാടികള്‍ക്കു കീഴിലുള്ള ചില കോഴ്സുകള്‍ക്കു കമ്മിഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു. ഓപ്പണ്‍ സര്‍വകലാശാലയ്ക്കു യു ജി സിയുടെ അംഗീകാരം ലഭിക്കുന്നതുവരെ കേരളത്തിലെ അംഗീകാരമുള്ള മറ്റു സര്‍വകലാശാലകള്‍ക്കു വിദൂരവിദ്യാഭ്യാസ പരിപാടി നടത്താന്‍ കഴിയുമെന്നു മാത്രമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നതെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
വിഷയത്തില്‍ എല്ലാ വശവും കേട്ടശേഷമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിവരുമെന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടത്. ”ഇത് വേഗത്തില്‍ ചെയ്യേണ്ടതുണ്ട്. കാരണം കൂടുതല്‍ കാലതാമസം വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ക്കു തീര്‍ച്ചയായും ദോഷകരമാവും,” കോടതി വ്യക്തമാക്കി.
ഹര്‍ജിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെയും ഓപ്പണ്‍ സര്‍വകലാല പ്രതിനിധിയുടെയും വിശദീകരണം 23നു കോടതി കേള്‍ക്കും. ചില കോഴ്സുകളുടെ കാര്യത്തില്‍ ഓപ്പണ്‍ സര്‍വകലാശാല അംഗീകാരം നേടിയിട്ടുണ്ടെങ്കില്‍, മറ്റു സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പരിപാടി മറ്റു വിഷയങ്ങളിലേക്ക് ഒതുക്കി സര്‍ക്കാരിനു ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാമെന്നു കോടതി നിര്‍ദേശിച്ചു.
അംഗീകൃത സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പരിപാടികളില്‍ അപേക്ഷിക്കാനും പ്രവേശനം നേടാനും വിദ്യാര്‍ത്ഥികള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. തന്റെ ഉത്തരവ് ഇലക്ട്രോണിക് മോഡില്‍ ഉള്‍പ്പെടെ 24 മണിക്കൂറിനുള്ളില്‍ കക്ഷികളെ അറിയിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉറപ്പാക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.