തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല രൂപീകരിക്കും. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവായ ഗുരുവിന്റെ നാമധേയത്തില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കുമെന്നും ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഇത് നിലവില്‍ വരുമെന്നും ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയായിരുന്നു.
കേരളത്തിലെ പ്രാചീന തുറമുഖ നഗരവും തൊഴിലാളി കേന്ദ്രവുമായ കൊല്ലത്തായിരിക്കും സർവകലാശാലയുടെ ആസ്ഥാനം. നാല് സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ പഠന സംവിധാനം സംയോജിപ്പിച്ച് ഈ സര്‍വകലാശാല പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാൻ അവസരമുണ്ടാകും. കോഴ്സ് പൂര്‍ത്തിയാക്കാതെ പഠനം നിര്‍ത്തിയവര്‍ക്ക് അതുവരെയുള്ള പഠനം അനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. ദേശീയ-അന്തര്‍ദേശീയ രംഗത്തെ പ്രഗത്ഭരായ അധ്യാപകർ പഠിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളിലെ ലാബുകള്‍ പുതിയ സര്‍വകലാശാലക്ക് പ്രയോജനപ്പെടുത്തും. നൈപുണ്യ വികസന കോഴ്സും നടത്തും. വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണ രംഗത്ത് വലിയ മാറ്റത്തിന് ഇതിലൂടെ തുടക്കമാകുമെന്നും പിണറായി കൂട്ടിച്ചേർത്തു.