കൊച്ചി: കൊച്ചി: യുജിസി അംഗീകാരമില്ലാതെ മറ്റ് സർവ്വകലാശാലകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ ശ്രീനാരായണ ഓപ്പൺ സർവകലാശാലക്ക് കീഴിലേക്ക് മാറ്റരുതെന്ന് ഹൈക്കോടതി. പ്രൈവറ്റ് രജിസ്ട്രേഷൻ സമ്പാദിച്ചിട്ടുള്ള വിദ്യാർത്ഥികളെയും അധിക മാവുന്ന ജീവനക്കാരെയും ശ്രീ നാരായണ ഓപ്പൺ സർവ്വകലാശാലയിലേക്ക് മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിലെ വ്യവസ്ഥ ചോദ്യം ചെയ്ത് ഒരു കൂട്ടംവിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റ ഇടക്കാല ഉത്തരവ്.

യുജിസിഅംഗീകാരം ലഭിച്ചതിനു ശേഷമേ വിദ്യാർത്ഥികളെ മാറ്റാവു എന്നും ഭാവിയിൽ അംഗീകാരം ലഭിച്ചില്ലെങ്കിൽ അത് വിദ്യാർത്ഥികൾക്ക് ദോഷമാവുമെന്നും കോടതി പറഞ്ഞു. യുജിസി അംഗീകാരത്തിന്റെ വിവരങ്ങൾ നാലു ദിവസത്തിനകം അറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. കേസ് 16 ന് വീണ്ടും പരിഗണിക്കും.

വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സും സ്ഥാപനവും തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് വ്യവസ്ഥയെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളും വിദൂര വിദ്യാഭ്യാസത്തിനും സ്വകാര്യ രജിസ്‌ട്രേഷനും ശ്രീനാരായണ ഗുരു സര്‍വകലാശാലയെ തന്നെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതോടെ നിലവിലുണ്ടായിരുന്നത്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഇടപ്പെടൽ.

ഗാന്ധി ജയന്തി ദിനത്തിലാണ് സർവകലാശാല നിലവിൽ വന്നത്. ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാൻ അവസരമുണ്ടാകും. കോഴ്‌സ് പൂര്‍ത്തിയാക്കാതെ പഠനം നിര്‍ത്തിയവര്‍ക്ക് അതുവരെയുള്ള പഠനം അനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. ദേശീയ-അന്തര്‍ദേശീയ രംഗത്തെ പ്രഗത്ഭരായ അധ്യാപകർ പഠിപ്പിക്കുക എന്നീ വാഗ്ദാനങ്ങളുമായാണ് സർക്കാർ പുതിയ സർവകലാശാല പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.