മാനന്തവാടി: ചാനൽ പരിപാടിയിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ച ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര രംഗത്ത്. പറയാൻ സാധിക്കാത്ത പല കാര്യങ്ങൾ അധികാരികളുടേയും അദ്ദേഹത്തിന്റേയും കൈവശമുണ്ടെന്ന് വാദിച്ച തനിക്ക് മാനഹാനി വരുത്തിയെന്നാണ് ആരോപണം. വിഷയത്തിൽ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ പരാതിയുമായി മുമ്പോട്ട് പോകുമെന്നും സിസ്റ്റർ ലൂസി കളപ്പുര ഫെയ്സ്ബുക്കിൽ കുറിച്ചു.
കന്യാസ്ത്രീകൾ അനങ്ങരുത് , തെറ്റുകളെ ചൂണ്ടിക്കാണിച്ചാൽ ഏത് വിധേനയും അവളെ ഇല്ലാതാക്കുന്ന കത്തോലിക്ക പുരുഷ മേധാവിത്വം. ഇതാണ് സഭായിലെ നീതിയെന്നും സിസ്റ്റർ പരിഹസിക്കുന്നു. പരസ്യപ്പെടുത്താൻ പറ്റില്ലെന്ന് പറയുന്ന കാര്യങ്ങൾ വെളിപ്പെടുത്താൻ ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
കഴിഞ്ഞ ദിവസം മഠത്തിൽ സിസ്റ്റർ ലൂസിയെ കാണാൻ മാധ്യമ പ്രവർത്തകർ എത്തിയ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് മാനന്തവാടി രൂപതാ പിആര്‍ഒയും വൈദികനുമായ നോബിള്‍ പാറയ്ക്കൽ വീഡിയോ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര പരാതിയും നൽകി. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതുവഴി ഫാദര്‍ നോബിള്‍ സ്ത്രീത്വത്തെ അപമാനിക്കുകയും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയുമാണ് ചെയ്തതെന്ന് ലൂസി കളപ്പുര ആരോപിച്ചു.
അതേസമയം, ജൂണ്‍ ഒന്നിന് സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ മാധ്യമസംഘത്തില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയും ഉണ്ടായിരുന്നു. ഇക്കാര്യം ഫാദര്‍ നോബിള്‍ വീഡിയോയില്‍ പറയുന്നില്ല. വനിതാ മാധ്യമപ്രവര്‍ത്തകയായ ബിന്ദു മില്‍ട്ടണ്‍ തന്നെ താന്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ സംഘത്തിലുണ്ടായിരുന്ന കാര്യം വ്യക്തമാക്കുന്നു. വീഡിയോയില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തക മഠത്തിലേക്ക് കയറുന്ന ഭാഗം ഒഴിവാക്കിയിട്ടുണ്ട്.