മാനന്തവാടി: തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വീഡിയോ പ്രചരിപ്പിച്ച വിഷയത്തില്‍ മാനന്തവാടി രൂപതാ പിആര്‍ഒയും വൈദികനുമായ നോബിള്‍ പാറയ്ക്കലിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര പരാതി നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതുവഴി ഫാദര്‍ നോബിള്‍ സ്ത്രീത്വത്തെ അപമാനിക്കുകയും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയുമാണ് ചെയ്തതെന്ന് ലൂസി കളപ്പുര ആരോപിച്ചു

മഠത്തിൽ സിസ്റ്റർ ലൂസിയെ കാണാൻ മാധ്യമ പ്രവർത്തകർ എത്തിയ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് നോബിൾ പാറയ്ക്കൽ അപവാദ പ്രചരണം നടത്തിയത്. കാണാൻ വരുന്നവരുടെ കൂട്ടത്തിൽ വനിതാ മാധ്യമപ്രവർത്തകരുടെ ഭാഗം വെട്ടിയൊഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. മഠത്തിലെ അടുക്കളവാതിലിലൂടെ പുരുഷന്‍മാരെ അകത്ത് പ്രവേശിപ്പിക്കുന്ന വീഡിയോയാണ് താന്‍ പങ്കുവയ്ക്കുന്നതെന്നും ഫാദര്‍ നോബിള്‍ പറയുന്നുണ്ട്. ഈ വീഡിയോയ്‌ക്കെതിരെയാണ് ലൂസി കളപ്പുര രംഗത്തുവന്നിരിക്കുന്നത്.

അതേസമയം, ജൂണ്‍ ഒന്നിന് സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ മാധ്യമസംഘത്തില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയും ഉണ്ടായിരുന്നു. ഇക്കാര്യം ഫാദര്‍ നോബിള്‍ വീഡിയോയില്‍ പറയുന്നില്ല. വനിതാ മാധ്യമപ്രവര്‍ത്തകയായ ബിന്ദു മില്‍ട്ടണ്‍ തന്നെ താന്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ സംഘത്തിലുണ്ടായിരുന്ന കാര്യം വ്യക്തമാക്കുന്നു. വീഡിയോയില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തക മഠത്തിലേക്ക് കയറുന്ന ഭാഗം ഒഴിവാക്കിയിട്ടുണ്ട്.

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. പൊലീസ് മഠത്തിലെത്തിയാണ് വാതിൽ തുറപ്പിച്ചത്. കുർബാനയ്ക്ക് പോകുന്നത് തടയാനാണ് പൂട്ടിയിട്ടതെന്ന് സിസ്റ്റർ ലൂസി ആരോപിച്ചു. സംഭവത്തിൽ കേസ് എടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു. കാരയ്ക്കാമല മഠത്തിലാണ് സിസ്റ്റർ ലൂസി താമസിക്കുന്നത്. മഠത്തിനോട് ചേർന്നുള്ള പള്ളിയിലാണ് കുർബാനയ്ക്കായി പോകുന്നത്. ഇത് തടയാനാണ് തന്നെ പൂട്ടിയിട്ടതെന്ന് സിസ്റ്റർ ലൂസി പറയുന്നു. രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നുവെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.