കോട്ടയം: സിസ്റ്റര്‍ അഭയയുടെ മരണത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. മരണശേഷം അഭയയുടെ മൃതദേഹം കാണാനെത്തിയപ്പോള്‍ മുഖത്ത് മുറിവ് കണ്ടിരുന്നുവെന്ന് അഭയയെ പഠിപ്പിച്ച അധ്യാപിക പ്രൊഫ.ത്രേസ്യാമ്മ. നേരത്തെ നല്‍കിയ രഹസ്യമൊഴിയില്‍ ത്രേസ്യാമ്മ ഉറച്ചുനില്‍ക്കുകയാണ്. കേസില്‍ വിചാരണ നടക്കുമ്പോൾ ആറ് സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തിലാണ് രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി ത്രേസ്യാമ്മ വ്യക്തമാക്കിയത്.

മൊഴി മാറ്റാന്‍ സമ്മര്‍ദമുണ്ടായിരുന്നതായും ത്രേസ്യാമ്മ മാധ്യമങ്ങളോട് പറഞ്ഞു. “മരണം നടന്നതിനു ശേഷം മഠത്തിലെത്തി അഭയയുടെ മൃതദേഹം കണ്ടു. കിണറിനരികിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയില്‍ ബെഡ് ഷീറ്റ് മാറ്റി അഭയയുടെ മുഖം കാണിച്ചുതന്നു. കഴുത്ത് വരെയുള്ള ഭാഗമാണ് കണ്ടത്. അഭയയുടെ മുഖത്ത് മുറിവുണ്ടായിരുന്നു. നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മുറിവ് കണ്ടതായി ആരും വെളിപ്പെടുത്തിയിട്ടില്ല. അതേക്കുറിച്ച് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. സത്യസന്ധമായ കാര്യങ്ങളാണ് അന്നും ഇന്നും പറഞ്ഞിരിക്കുന്നത്.” ത്രേസ്യാമ്മ പറഞ്ഞു.

Read Also: അഭയ കേസ്: ഫാദർ തോമസ് കോട്ടൂരിനെ മുഖ്യസാക്ഷി തിരിച്ചറിഞ്ഞു

പ്രതികളായ വൈദികരുടെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് കോളേജിലെ വിദ്യാര്‍ഥികള്‍ തന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും ത്രേസ്യാമ്മ പറഞ്ഞു. ഇക്കാര്യവും കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികളായ രണ്ട് വൈദികരുടെ നോട്ടം ശരിയല്ലെന്ന് വിദ്യാര്‍ഥികള്‍ തന്നോട് പറഞ്ഞിട്ടുള്ളതായി ത്രോസ്യാമ്മ വെളിപ്പെടുത്തി. മൊഴി മാറ്റാന്‍ സമ്മര്‍ദമുണ്ടായിരുന്നു. അവിവാഹിതയായതുകൊണ്ടാണ് ഇപ്പോഴും മൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കുന്നത്. വൈദികന്മാർക്കെതിരെ സാക്ഷി പറഞ്ഞതിനാല്‍ പലവിധത്തിലുള്ള ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സിസ്റ്ററിന് നീതി ലഭിക്കാന്‍ വേണ്ടിയാണ് ഇപ്പോഴും വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുന്നതെന്നും ത്രേസ്യാമ്മ അഭിപ്രായപ്പെട്ടു.

കേസില്‍ വിചാരണ നടക്കുന്ന സമയമായതിനാല്‍ ത്രേസ്യാമ്മയുടെ മൊഴി നിര്‍ണ്ണായകമാണ്. ഇത് പ്രതികളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. വിദ്യാര്‍ഥികള്‍ വൈദികര്‍ക്കെതിരെ പറഞ്ഞിട്ടുള്ള കാര്യങ്ങളും കോടതി വിശദമായി പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.