തിരുവനന്തപുരം: സ്പ്രിൻക്ലർ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിൻക്ലർ കരാറിൽ സർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കള്ളനെപ്പൊലെ അവസാനം വരെ പിടിച്ചു നില്‍ക്കാനുള്ള തന്ത്രമാണ്. കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ തൊണ്ടി മുതല്‍ ഉപേക്ഷിച്ചു. ഇതുപൊലെയാണ് കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് സ്പ്രിൻക്ലർ കമ്പനിയെ ഒഴിവാക്കിയതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. അതുകൊണ്ടാണ് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കുന്നതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു. സ്പ്രിൻക്ലറിൽ നിന്ന് ഡാറ്റ അനാലിസിസ് സി-ഡിറ്റിലെത്തിയത് പ്രധാന നേട്ടമാണ്. കരാറില്‍ നിന്ന് സി-ഡിറ്റിനേയും ഐടി മിഷനേയും മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
Read More: സ്പ്രിൻക്ലർ: സ്വകാര്യ വിവരങ്ങളിൽ കമ്പനിക്ക് നേരിട്ടു പ്രവേശനമില്ലെന്ന് സർക്കാർ
പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ കോവിഡിന്റെ മറവില്‍ അമേരിക്കന്‍ കമ്പനി ചാകര കൊയ്യുമായിരുന്നു. മന്ത്രിസഭയോ എല്‍ഡിഎഫോ കരാറിനെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. കരാറുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ മലയാളികളുടെ ആരോഗ്യവിവരങ്ങള്‍ സ്പ്രിൻക്ലറിന്റെ പക്കലായേനേ എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ എട്ടു പിഴവുകളാണ് ഉണ്ടായിരിക്കുന്നത്. സ്പ്രിൻക്ലറില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഴുവന്‍ വൈരുദ്ധ്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കോവിഡ്-19 പ്രതിരോധത്തിന് ശേഖരിച്ച ഡാറ്റയിൽ സ്പ്രിൻക്ളറിന് നേരിട്ട് പ്രവേശനമില്ലെന്ന് സർക്കാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിവരങ്ങൾ ആമസോൺ ക്ലൗഡിന്റെ സെർവറിൽ നിന്ന് സി-ഡിറ്റിന്റെ സർവറിലേക്ക് മാറ്റിയെന്നും സ്പ്രിൻക്ലറിനു വിവരങ്ങൾ കൈമാറുന്നതിന് കൃത്യമായ മാർഗരേഖയുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്പ്രിൻക്ലറുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം.
കരാർ ലംഘിക്കരുതെന്നും മൂന്നാം കക്ഷിക്ക് വിവരങ്ങൾ കൈമാറരുതെന്നും കമ്പനിക്ക് നിർദേശം നൽകി. സി-ഡിറ്റിന്റെ സെർവറിലേക്ക് വിവരങ്ങൾ കൈമാറുന്നതിന് മുൻപ് ലഭിച്ചിട്ടുള്ള ഡാറ്റ കമ്പനി അവരുടെ സെർവറിൽ നിന്ന് നീക്കണമെന്ന് നിർദേശം നൽകി. രോഗ വിശകലനത്തിന് ഉപയോഗിച്ച ഡാറ്റ കൈമാറരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്പ്രിൻക്ലറിനു കൈമാറിയതായും പൗരന്റെ സ്വകാര്യത സംരക്ഷിക്കണമെന്ന് നിർദേശിച്ചതായും സർക്കാർ വ്യക്തമാക്കിയിരുന്നു.