കൊച്ചി: കോവിഡ് പ്രതിരോധത്തിന് അമേരിക്കൻ കമ്പനി സ്‌പ്രിൻക്ലറുമായി കരാർ നിലവിലുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. കരാർ നിലനിൽക്കുന്നുണ്ടെന്നും ഡാറ്റ കൈകാര്യത്തിൽ സ്‌പ്രിൻക്ലർ ഉദ്യോഗസ്ഥരുടെ സേവനം ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

സർക്കാരിനു വേണ്ടി അഭിഭാഷക നാപ്പിനൈ ഹാജരായി. സ്‌പ്രിൻക്ലറുമായുളള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

സ്‌പ്രിൻക്ലറുമായുള്ള കരാർ തുടരുന്നുണ്ടെന്നും ഡാറ്റ കൈമാറ്റം ചെയ്യപ്പെട്ട പൗരൻമാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള സത്യവാങ്‌മൂലത്തിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Read Also: ‘ഒരു വിദേശിയുടെ മകന് ഒരിക്കലും ദേശസ്‌നേഹിയാകാൻ കഴിയില്ല’; രാഹുലിനെതിരെ പ്രഗ്യ സിങ്

കോവിഡ് രോഗികളുടെ കൈമാറിക്കിട്ടിയ വിവരങ്ങളുടെ അവശിഷ്ട ഫയലുകള്‍ നശിപ്പിച്ചതായി സ്‌പ്രിൻക്ലർ കമ്പനി ഹൈക്കോടതിയെ നേരത്തെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 20ന് ശേഷമുള്ള ഡാറ്റ സി-ഡിറ്റിന്റെ സെര്‍വറിലേക്ക് മാറ്റിയതായും ഡാറ്റ അപഗ്രഥന ചുമതലയില്‍ നിന്ന് സ്‌പ്രിൻക്ലർ ഉദ്യോഗസ്ഥരെ ഒഴിവാക്കിയതായും സര്‍ക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കേസില്‍ ഏപ്രില്‍ 24ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ഡാറ്റ ദുരുപയോഗം ചെയ്യുകയോ കൈമാറുകയോ ചെയ്യരുതെന്ന് കോടതി സ്‌പ്രിൻക്ലറിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജിയും കമ്പനി പിന്‍വലിച്ചു. ബാക്ക് അപ് ഫയലുകള്‍ നശിപ്പിക്കണമെന്ന നിര്‍ദേശം സര്‍ക്കാരില്‍ നിന്ന് പിന്നീട് ലഭിച്ചെന്നും സര്‍ക്കാരില്‍ നിന്ന് നിർദേശം ലഭിച്ചതോടെ ഇക്കാര്യത്തില്‍ അവ്യക്തത നീങ്ങിയെന്നും കമ്പനി കോടതിയെ അറിയിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.