തിരുവനന്തപുരം: സ്‌പ്രിൻക്ലർ കരാർ മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. കരാറിന് പിന്നിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവശങ്കറിന് രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉയര്‍ത്തുന്നത്.

കോവിഡ് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സ്‌പ്രിൻക്ലർ കമ്പനിയെ ചുമതലപ്പെടുത്തുന്ന കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ല തയാറാക്കിയതെന്നും അദ്ദേഹത്തിന്റെ അറിവോടെയല്ല കരാര്‍ നടപ്പാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ ഐടി സെക്രട്ടറിയായ എം. ശിവശങ്കര്‍ ഏകപക്ഷീയമായി കരാര്‍ നടപ്പിലാക്കുകയായിരുന്നുവെന്നും അതുവഴി പൊതുജനങ്ങളുടെ വിവരങ്ങള്‍ക്ക് മേല്‍ കമ്പനിക്ക് നിയന്ത്രണാധികാരം ലഭിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കമ്പനിക്ക് വേണ്ടത്ര സാങ്കേതിക നിയമന വൈദഗ്ധ്യമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി അറിയാതെ ഒപ്പുവെച്ചത് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായിട്ടാണ്. ഇതിനെതിരായ നിയമനടപടി ദുഷ്‌കരമാണെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറുന്നു. മുന്‍ വ്യോമയാന സെക്രട്ടറി എം മാധവന്‍ നമ്പ്യാര്‍, ഗുല്‍ഷന്‍ റായ് എന്നിവര്‍ അംഗങ്ങളായ സമിതിയുടേതാണ് കണ്ടെത്തല്‍.

കമ്പനിയുമായി ചര്‍ച്ച നടത്തിയത് ഐടി വകുപ്പാണ്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടാണ് വിഷയവുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്സ് വിവരങ്ങള്‍ പോലും സമിതിക്ക് ലഭ്യമായതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കോവിഡ് വിവരശേഖരണത്തിനായാണ് അമേരിക്കൻ കമ്പനിയായ സ്‌പ്രിൻക്ലറുമായി സർക്കാർ കരാറിലേർപ്പെട്ടത്.

ഇടതുമുന്നണിയിലോ മന്ത്രിസഭായോഗത്തിലോ ചർച്ച ചെയ്യാതെ മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരമായിരുന്നു തീരുമാനം. കരാർ വ്യവസ്ഥകളും നടപടികളും ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ മേൽനോട്ടത്തിലാണ് നടന്നത്. കരാറിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രിയിൽ നിന്നും ചീഫ് സെക്രട്ടറി ടോം ജോസിൽ നിന്നും ശിവശങ്കർ മറച്ചുവച്ചെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കോവിഡ്-19 ന്റെ മറവിൽ രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ ബന്ധമുള്ള പിആര്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നല്‍ കമ്പനി ഒരു വിവരവും ചോര്‍ത്തുന്നില്ലെന്നും സ്‌പ്രിൻക്ലർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയ്യാറാക്കി നല്‍കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പിന്നീട് ഇതില്‍ മാധവന്‍ നായര്‍ കമ്മിറ്റിയെ വെച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.