തിരുവനന്തപുരം: സ്‌പ്രി‌ങ്ക്‌ളര്‍ അഴിമതിയില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യാന്തര കരാറില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരു ഫയല്‍ പോലും സര്‍ക്കാരിന്റെ കൈവശമില്ല. 350 കോടി രൂപയുടെ ഡാറ്റ തട്ടിപ്പ് കേസാണ് കമ്പനിയുടെ പേരിലുള്ളത്. കമ്പനിയുടെ കഴിഞ്ഞകാല ചരിത്രം എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ചോദിച്ചു.

ഒന്നേമുക്കാല്‍ ലക്ഷം പേരുടെ ഡാറ്റ സ്‌പ്രി‌ങ്ക്‌ളർ എന്ന അമേരിക്കന്‍ കമ്പനിക്ക് ലഭിച്ചതായി ചെന്നിത്തല ആരോപിച്ചു. ഇതുവരെ ശേഖരിച്ച ഡാറ്റയുടെ വില 200 കോടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഡാറ്റ ലഭിച്ചാല്‍ ഇത് 700 കോടിയോളം വരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കരാര്‍ ഒപ്പിടും മുന്‍പ് നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കണം. മന്ത്രിസഭ തീരുമാനമെടുക്കണം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ ചുമതലപ്പെടുത്തണം. എന്നാല്‍ ഇക്കാര്യത്തില്‍ അതൊന്നും ഉണ്ടായിട്ടില്ല. നടപടികള്‍ പാലിക്കാതെ ഐടി സെക്രട്ടറി എങ്ങനെ ഒപ്പുവച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മലയാളികളുടെ ജീവന് ഹാനി സംഭവിക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Read More: പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം, പേടിപ്പിച്ച് നിശബ്ദനാക്കാമെന്ന് കരുതരുത്: കെ.എം.ഷാജി

“കമ്പനിക്കെതിരെ കേസ് കൊടുക്കണമെങ്കില്‍ സര്‍ക്കാര്‍ അമേരിക്കയില്‍ പോകേണ്ട അവസ്ഥയാണ്‌. അമേരിക്കയില്‍ കമ്പനിക്കെതിരെ ഡാറ്റ തട്ടിപ്പ് കേസ് നിലവിലുണ്ട്. ആ കേസ് പുറത്ത് നിന്ന് ആരും കൊടുത്തതല്ല. ഒപ്പമുള്ള പാർട്‌ണർ തന്നെയാണ് അവരുടെ ഡാറ്റ തട്ടിയതിന് കേസ് നൽകിയത്. തട്ടിപ്പ് നടത്തിയ നിരവധി കമ്പനികൾ ഉള്ളതു കൊണ്ട് ഈ കമ്പനി നടത്തിയ തട്ടിപ്പ് തട്ടിപ്പല്ലെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാകില്ല. സാധാരണ നടപടിക്രമങ്ങൾ പോലും പാലിക്കാതെയായിരുന്നു കരാർ. മന്ത്രിസഭയുമായി ആലോചിക്കാതെയാണ് കരാർ ഒപ്പിട്ടത്,” ചെന്നിത്തല ആരോപിച്ചു.

കേരളത്തിന്‍റെ ആരോഗ്യരംഗത്തെ 50 വർഷത്തെ പാരമ്പര്യം ചുളുവിൽ ഈ കമ്പനി തട്ടിയെടുക്കുകയാണ്. സംസ്ഥാനത്തെ വൻ അഴിമതിയാണിത്. ഉറുമ്പിന് ഭക്ഷണം കൊടുക്കുന്നതുവരെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് ഇക്കാര്യം മറച്ചുവച്ചു. അതീവ രഹസ്യമായി കേരളത്തിലെ ജനങ്ങളുടെ ഡാറ്റ കൈമാറിയത് വൻ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.