തിരുവനന്തപുരം: കോവിഡ്-19 ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ സെര്‍വറില്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. വിദേശ മലയാളിയുടെ കമ്പനിയുമായുള്ള കരാര്‍ വിവാദമായതിനെ തുടര്‍ന്നാണ് രേഖകള്‍ പുറത്ത് വിട്ടത്. സ്പ്രിങ്ക്‌ളര്‍ സര്‍ക്കാരിന് അയച്ച കത്തുകളും പുറത്തുവിട്ടിട്ടുണ്ട്.

മാര്‍ച്ച് 25 മുതല്‍ സെപ്തംബര്‍ 24 വരെയുള്ള വിവരങ്ങള്‍ സൂക്ഷിക്കാന്‍ കമ്പനിയുമായി സര്‍ക്കാര്‍ കരാറിലേര്‍പ്പെടുന്നത് ഏപ്രില്‍ രണ്ടിനാണ്.

സ്പ്രിങ്ക്‌ളറുടെ പ്ലാറ്റ്‌ഫോമില്‍ അപ്ലോഡ് ചെയ്യുന്ന എല്ലാ വിവരങ്ങളുടേയും മേലുള്ള അവകാശം കേരള സര്‍ക്കാരിനും ജനങ്ങള്‍ക്കുമാണെന്ന് കത്ത് പറയുന്നു. കമ്പനി ഈ വിവരങ്ങള്‍ മറിച്ചു വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് സംസ്ഥാനം അവസാനിപ്പിക്കുമ്പോഴോ സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴോ ഈ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യും.

Read Also: കോവിഡ്-19 ഡാറ്റാ വിവാദം: എന്താണ് സ്‌പ്രി‌ങ്ക്‌ളർ? ആരാണ് റാഗി തോമസ്?

ജനങ്ങളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന വിവരങ്ങളാണ് ഈ പ്ലാറ്റ്‌ഫോമില്‍ അപ്ലോഡ് ചെയ്യുന്നത്. ഈ വിവരങ്ങള്‍ പൗരന്‍മാര്‍ ആവശ്യപ്പെട്ടാലും ഡിലീറ്റ് ചെയ്യുന്നതാണ്.

കൂടാതെ, വിവരങ്ങള്‍ കമ്പനി സൂക്ഷിക്കുന്നത് അമേരിക്കയിലെ സെര്‍വറിലാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇന്ത്യയിലെ ഭൂമിശാസ്ത്ര പരിധിയിലെ സെര്‍വറുകളിലാണ് ഈ വിവരങ്ങള്‍ സൂരക്ഷിച്ചിരിക്കുന്നതും കേരളം പറയുന്ന ഏത് സെര്‍വറിലേക്കും ഡാറ്റാ സെന്ററിലേക്കും എപ്പോള്‍ വേണമെങ്കിലും മാറ്റിനല്‍കാമെന്നും കത്തില്‍ പറയുന്നു. ഐടി സെക്രട്ടറി ശിവശങ്കറിന് അയച്ച ഇമെയിലില്‍ കമ്പനിയുടെ ജനറല്‍ കൗണ്‍സലായ ഡാന്‍ ഹെയ്‌ലിയാണ് ഒപ്പിട്ടിരിക്കുന്നത്.

കോവിഡുമായി ബന്ധപ്പെട്ട് ദിനംപ്രതി ധാരാളം വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവ കൈകാര്യം ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ഐടി സങ്കേതങ്ങള്‍ സര്‍ക്കാരിന്റെ വകുപ്പുതല സംവിധാനത്തിന്റെ പക്കല്‍ ഇല്ലാത്തതു കൊണ്ടാണ് സര്‍ക്കാര്‍ സ്പ്രിങ്ക്‌ളറുമായി കരാറിലെത്തിയതെന്ന് രേഖകളില്‍ പറയുന്നു. ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ് ആപ്പ്, ഇമെയില്‍, ഫോണ്‍ കോളുകള്‍ വഴി എത്തുന്ന അണ്‍സ്ട്രക്‌ചേര്‍ഡ് ഡാറ്റ വളരെ വേഗം വിശകലനം ചെയ്ത് പ്രാധാന്യമുള്ളവ കണ്ടെത്തി സഹായം ഉടനെ എത്തിക്കേണ്ടതുണ്ടെന്നും പ്രളയ കാലത്ത് ഈ പ്രശ്‌നം സംസ്ഥാനം നേരിട്ടിരുന്നുവെന്നും രേഖകള്‍ പറയുന്നു.

വിദേശങ്ങളില്‍ നിന്നുമെത്തിയ ആളുകളുടെ വിവരങ്ങള്‍, ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും എത്തിയവരുടെ വിവരങ്ങള്‍, രോഗികളുമായി നിരന്തരം ഇടപെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍, രോഗബാധിതരാകാനിടയുള്ളവരുടെ വിവരങ്ങള്‍ കുടുംബാംഗങ്ങളുടെ സഹായത്തോടെയോ നിരീക്ഷണത്തിലുള്ള സ്വമേധയോ നല്‍കുന്ന വിവരങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയാണ് ശേഖരിക്കുന്നത്. കമ്പനിയുടെ ഡൊമെയ്ന്‍ നെയിം വച്ചുള്ള വെബ്‌സൈറ്റിലേക്കാണ് ഈ വിവരങ്ങള്‍ നല്‍കിയിരുന്നത്. വിവാദമുയര്‍ന്നപ്പോള്‍ അത് മാറ്റി സര്‍ക്കാരിന്റെ പേരിലാക്കി. എങ്കിലും വിവരങ്ങള്‍ എത്തുന്നത് സ്പ്രിങ്ക്‌ളറുടെ സെര്‍വറിലേക്കാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Read Also: സ്‌പ്രി‌ങ്ക്‌ളർ: 87 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ ചോർത്തി: ചെന്നിത്തല

ഇത് സര്‍ക്കാരും സമ്മതിക്കുന്നു. വിവര ശേഖരണം നടത്തുന്ന ഡൊമെയ്ന്‍ പേര് ഏതായാലും നിലവില്‍ വിവരം ശേഖരിക്കുന്നത് മുംബൈയിലെ ആമസോണ്‍ വെബ് സെര്‍വര്‍ ക്ലൗഡിലേക്കാണെന്ന് രേഖകളില്‍ പറയുന്നു. അതിന് കാരണം, കമ്പനി കേരളത്തിന് സൗജന്യമായി നല്‍കുന്ന സോഫ്റ്റ് വെയര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാനാകുക ആമസോണ്‍ ക്ലൗഡിലാണ്.

കേരളത്തിന്റെ ഡേറ്റാ സെന്ററില്‍ ഈ സൗകര്യം ലഭ്യമല്ലെന്നും ഐടി വകുപ്പിന് ആമസോണ്‍ കൗഡ് ഉണ്ടെന്നും അതിന്റെ ശേഷി വര്‍ദ്ധിപ്പിച്ച് വിവരങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെര്‍വറിലേക്ക് മാറ്റുമെന്നും രേഖകളില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.