തിരുവനന്തപുരം: സ്‌പ്രിങ്ക്‌ളർ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ രണ്ടംഗ സമിതിക്ക് രൂപം നൽകി സംസ്ഥാന സർക്കാർ. സ്‌പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. മുന്‍ കേന്ദ്ര ഐടി സെക്രട്ടറി മാധവന്‍ നമ്പ്യാര്‍, മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐഎഎസ് എന്നിവരാണ് അന്വേഷണസമിതിയിലെ അംഗങ്ങൾ. സ്‌പ്രിങ്ക്‌ളർ ഇടപാടിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് രണ്ടംഗ സമിതി പരിശോധിക്കും. ഒരു മാസത്തിനകം പരിശോധിച്ച് റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കണമെന്നാണ് നിർദേശം. ഭാവിയിലേക്ക് ആവശ്യമായ നിർദേശങ്ങളും സമിതി നൽകും. അന്വേഷണ സമിതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

നാല് പ്രധാന കാര്യങ്ങളാണ് അന്വേഷണ സമിതി പരിഗണിക്കുക:

1. വ്യക്‌തികളുടെ സ്വകാര്യ വിവരം സംരക്ഷിക്കാൻ സ്‌പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട കരാറിൽ വ്യവസ്ഥയുണ്ടോ?

2. നടപടിക്രമങ്ങൾ പാലിച്ചാണോ കരാറിനു അന്തിമരൂപം നൽകിയത്?

3. നടപടിക്രമങ്ങളിൽ എന്തെങ്കിലും വ്യതിയാനം സംഭവിച്ചിട്ടുണ്ടെങ്കിൽ കോവിഡ് പശ്ചാത്തലത്തിൽ അത് ന്യായീകരിക്കാൻ ആകുമോ?

4. ഭാവിയിൽ ഇത്തരം കാര്യങ്ങൾക്ക് മാർഗദർശനം നൽകാൻ സാധിക്കുമോ?

Read Also: ‘കാതിൽ തേൻമഴയായ്…’ ആരാധകർക്ക് ഭാവവിരുന്നൊരുക്കി പ്രിയ താരങ്ങൾ

സ്‌പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട് ഹെെക്കോടതി സർക്കാരിനോട് വ്യക്തത തേടിയിട്ടുണ്ട്. പൗരന്റെ മെഡിക്കൽ വിവരങ്ങൾ നിർണായകമെന്ന് ഹൈക്കോടതി പറഞ്ഞു. നിർണായക വിവരങ്ങൾ സ്‌പ്രി‌ങ്ക്‌ളർ കമ്പനിക്ക് കൈമാറുന്നില്ലെന്ന സർക്കാർ നിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാർ നിലപാട് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിവരങ്ങൾ ചോരുന്നില്ലെന്ന ഉറപ്പ് നൽകാൻ സർക്കാരിനാകുമോയെന്ന് ആരാഞ്ഞു. വിശദീകരണം നാളെ നൽകാമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഇപ്പോഴും ഡാറ്റ അപ്‌ലോഡ് ചെയ്യുന്നുണ്ടോയെന്ന് കോടതി തിരക്കി.

കോവിഡ് ബാധിതരുടേയും നിരീക്ഷണത്തിൽ ഇരിക്കുന്നവരുടേയും വിവരങ്ങൾ അമേരിക്കൻ കമ്പനി സ്‌പ്രി‌ങ്ക്‌ളറിന് കൈമാറിയതിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ടി.ആർ.രവിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. നമുക്ക് നമ്മുടേതായ ഐടി വിഭാഗം ഉണ്ടല്ലോയെന്നും എന്തിനാണ് ഡാറ്റ മറ്റൊരു കമ്പനിയെ ഏൽപ്പിച്ചതെന്നും കോടതി ആരാഞ്ഞു. ഡാറ്റ കൈമാറുന്നത് രോഗിയുടെ അനുമതിയില്ലാതെയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ കോവിഡ് രോഗിയാണോ എന്നും കോവിഡ് ബാധിതനല്ലേ പരാതി ഉന്നയിക്കേണ്ടതെന്നും കോടതി ചോദിച്ചു. പൊതു താൽപ്പര്യ ഹർജിയിലൂടെ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു.

Read Also: റമദാൻ: പള്ളികളിൽ നിയന്ത്രണം, ഇഫ്‌താർ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി

അതേസമയം, സ്‌പ്രിങ്ക്‌ളർ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഹൈക്കോടതി അഭിനന്ദിച്ചു. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ കോവിഡ് പ്രതിരോധം നടക്കുന്നത് കേരളത്തിലാണെന്ന് കോടതി പരാമർശിച്ചു. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ കോടതി ഇപ്പോൾ സർക്കാരിനെതിരെ ഒന്നും പറയുന്നില്ലെന്നും വ്യക്തമാക്കി. നേരത്തെയും കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഹെെക്കോടതി അഭിനന്ദിച്ചിരുന്നു. സ്‌പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജി പരിഗണിക്കുമ്പോൾ ആണ് സർക്കാരിനെ കോടതി അഭിനന്ദിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചിന്റേതാണ് പരാമർശം.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.