തിരുവനന്തപുരം: സ്‌പ്രിൻക്ലർ ഇടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ രണ്ട് തട്ടിൽ. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എം.ടി.രമേശിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന് മറുപടിയുമായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി. എം.ടി.രമേശ് കാര്യങ്ങൾ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ തെളിവുകൾ ശക്തമല്ലാത്തതിന്റെ പേരിൽ അതു നിരാകരിക്കപ്പെട്ടേക്കാമെന്ന് സുരേന്ദ്രൻ പറഞ്ഞു.

സ്‌പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണമാണ് വേണ്ടതെന്നും അല്ലാതെ വിജിലന്‍സ് അന്വേഷണമല്ലെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് നേരത്തെ രംഗത്തെത്തിയിരുന്നു. ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് രമേശ് ഇക്കാര്യം പറഞ്ഞത്. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എന്‍ഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നതെന്നുമാണ് രമേശ് പറഞ്ഞത്.

Read Also: ഇന്ത്യൻ താരങ്ങൾ കളിച്ചിരുന്നത് വ്യക്തിഗത നേട്ടങ്ങൾക്കു വേണ്ടി, ഞങ്ങൾ ടീമിനുവേണ്ടി: ഇൻസമാം

സ്‌പ്രിൻക്ലർ കരാറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. വിജിലൻസ് അന്വേഷണം വേണമെന്നാണ് സുരേന്ദ്രൻ ഹർജിയിൽ ആവശ്യപ്പെട്ടത്. സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് എം.ടി.രമേശ് ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതാണ് പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യമാക്കിയത്.

ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്. കരാര്‍ റദ്ദാക്കണമെന്നും ഡാറ്റ സുരക്ഷിതമാക്കണമെന്നുമാണ് താൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

Read Also: മുഖ്യമന്ത്രിക്ക് ലാവ്‌ലിൻ ബാധ; അഴിമതി കണ്ടാൽ യുഡിഎഫ് നോക്കിയിരിക്കില്ല: ചെന്നിത്തല

അതേസമയം, സ്‌പ്രിൻക്ലർ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ രണ്ടംഗ സമിതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുണ്ട്. സ്‌പ്രിൻക്ലറുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു സർക്കാർ നടപടി. മുന്‍ കേന്ദ്ര ഐടി സെക്രട്ടറി മാധവന്‍ നമ്പ്യാര്‍, മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐഎഎസ് എന്നിവരാണ് അന്വേഷണസമിതിയിലെ അംഗങ്ങൾ. സ്‌പ്രിൻക്ലർ ഇടപാടിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് രണ്ടംഗ സമിതി പരിശോധിക്കും. ഒരു മാസത്തിനകം പരിശോധിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നാണ് നിർദേശം. ഭാവിയിലേക്ക് ആവശ്യമായ നിർദേശങ്ങളും സമിതി നൽകും. അന്വേഷണ സമിതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook