തിരുവനന്തപുരം: സ്‌പ്രി‌ങ്ക്‌ളർ വിവാദത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 87 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ കമ്പനിക്ക് ചോർത്തിയെന്ന് ചെന്നിത്തല ആരോപിച്ചു. രണ്ട് വർഷമായി അമേരിക്കയിൽ തട്ടിപ്പ് കേസ് നേരിടുന്ന സ്വകാര്യ കമ്പനിക്ക് സർക്കാർ ഇങ്ങനെയൊരു ചുമതല നൽകിയത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

“സര്‍വര്‍ വിലാസം തിരുത്തിയിട്ട് കാര്യമില്ല. എല്ലാ വിവരങ്ങളും പോവുന്നത് കമ്പനിയുടെ സര്‍വറിലേക്കാണ്. 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ കമ്പനിക്കു ചോർത്തി. സേവനങ്ങള്‍ സൗജന്യമാണെന്ന് മുഖ്യമന്ത്രി കള്ളം പറയുകയാണ്. കോവിഡ് കാലത്തിനുശേഷം ഫീസ് നൽകണമെന്ന് കരാറിൽ പറയുന്നുണ്ട്,” ചെന്നിത്തല ആരോപിച്ചു.

Read Also: ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി

അതേസമയം, കോവിഡ് വിവരശേഖരണത്തിന് അമേരിക്കന്‍ കമ്പനിയായ സ്‌പ്രി‌ങ്ക്‌ളറുമായി ഒപ്പിട്ട പര്‍ച്ചേസ് ഓര്‍ഡറും അനുബന്ധവിവരങ്ങളും സർക്കാർ പുറത്തുവിട്ടു. മാര്‍ച്ച് 25നാണ് ഇടപാട് നിലവില്‍ വന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി സ്‌പ്രി‌ങ്ക്‌ളർ അയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

സ്‌പ്രി‌ങ്ക്‌ളർ ഒരു വിവാദ കമ്പനിയാണെന്നും സ്വകാര്യ വിവരങ്ങൾ ചോർത്തിനൽകുന്നു എന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സർക്കാരിനെതിരെ ആദ്യം രംഗത്തുവന്നത്. ആരോപണങ്ങളിൽ നിന്നു ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. സ്‌പ്രി‌ങ്ക്‌ളറുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഐടി വകുപ്പിനോട് ചോദിക്കാനായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook