തിരുവനന്തപുരം: സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നു ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഐടി വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാദ ഉത്തരവ് തിരുത്തിയ സർക്കാർ നടപടിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങൾ ഐടി വകുപ്പിനോട് തന്നെ ചോദിക്കണം. ഞാൻ ഇപ്പോൾ പറയുന്നത് അല്ല ശരി. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അവർ തരും. ഐടി വകുപ്പുമായി ബന്ധപ്പെട്ടാൽ മതി. എനിക്കിപ്പോൾ അതിന്റെ പിറകെ പോകാൻ സമയമില്ല. ആദ്യമെടുത്ത തീരുമാനപ്രകാരമാണ് എല്ലാം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് അടിസ്ഥാനമില്ല. കൂടുതൽ സംശയങ്ങൾക്ക് ഐടി വകുപ്പുമായി ബന്ധപ്പെടാം. ഞാൻ എന്തായാലും അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു.” പിണറായി മറുപടി നൽകി.
Read Also: കോവിഡ്-19: ലോക്ക്ഡൗൺ കാലത്ത് നോക്കുകൂലി; ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി
അതേസമയം, കോവിഡ്-19 ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് തിരുത്തി സർക്കാർ. സ്പ്രിങ്ക്ളർ വഴിയുള്ള കോവിഡ് വിവര ശേഖരണം അവസാനിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകി. സ്പ്രിങ്ക്ളറിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് വിവാദ ഉത്തരവ് സർക്കാർ തിരുത്തിയത്.
ഏപ്രിൽ നാലിനു പുറപ്പെടുവിച്ച ഉത്തരവാണ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. സ്പ്രിങ്ക്ളർ വഴി കോവിഡ് വിവരശേഖരണം നടക്കില്ല. മറിച്ച്, സര്‍ക്കാര്‍ വെബ്സൈറ്റിലേക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനാണ് നിര്‍ദേശം. സ്പ്രിങ്ക്ളർ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
Read Also: എല്ലാ ക്രെഡിറ്റും ജനങ്ങൾക്ക്: പിണറായി വിജയൻ
കോവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറിനു നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. അമേരിക്കയില്‍ വന്‍വിവാദത്തിലായ കമ്പനിയുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിക്ക് കോവിഡിന്റെ മറവില്‍ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ മുഖ്യന്ത്രി വിശദീകരണം നൽകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആവശ്യപ്പെട്ടിരുന്നു.