കൊച്ചി: കോവിഡ്-19 പ്രതിരോധത്തിന് ശേഖരിച്ച ഡാറ്റയിൽ സ്പ്രിൻക്ളറിന് നേരിട്ട് പ്രവേശനമില്ലെന്ന് സർക്കാർ. വിവരങ്ങൾ ആമസോൺ ക്ലൗഡിന്റെ സെർവറിൽ നിന്ന് സി-ഡിറ്റിന്റെ സർവറിലേക്ക് മാറ്റിയെന്നും സ്പ്രിൻക്ലറിനു വിവരങ്ങൾ കൈമാറുന്നതിന് കൃത്യമായ മാർഗരേഖയുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്പ്രിൻക്ലറുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് സർക്കാരിന്റെ സത്യവാങ്മൂലം.
Read Also: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ: കണ്ടെയ്ൻമെന്റ് സോണുകളിലെ പരീക്ഷാകേന്ദ്രങ്ങൾ മാറ്റും
കരാർ ലംഘിക്കരുതെന്ന് കമ്പനിക്ക് നിർദേശം നൽകി. മൂന്നാം കക്ഷിക്ക് വിവരങ്ങൾ കൈമാറരുത്. സി-ഡിറ്റിന്റെ സെർവറിലേക്ക് വിവരങ്ങൾ കൈമാറുന്നതിന് മുൻപ് ലഭിച്ചിട്ടുള്ള ഡാറ്റ കമ്പനി അവരുടെ സെർവറിൽ നിന്ന് നീക്കണമെന്ന് നിർദേശം നൽകി. രോഗ വിശകലനത്തിന് ഉപയോഗിച്ച ഡാറ്റ കൈമാറരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്പ്രിൻക്ലറിനു കൈമാറിയതായും പൗരന്റെ സ്വകാര്യത സംരക്ഷിക്കണമെന്ന് നിർദേശിച്ചതായും സർക്കാർ വ്യക്തമാക്കി.
Read Also: കോവിഡ് കാലത്തെ സൈബർ ആക്രമണങ്ങൾ; കൂടുതൽ കേസുകൾ കേരളത്തിൽ
സ്വകാര്യത ഉറപ്പാക്കുന്നതിന് വ്യക്തികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന് വിവിധ വകുപ്പു തലവൻമാർക്ക് നിർദേശം നൽകിയതായും ഇതിനുള്ള അപേക്ഷകളിൽ ആവശ്യമായ പുതുക്കലും, കൂട്ടിച്ചേർക്കലും നടത്താൻ നിർദേശിച്ചതായും സർക്കാർ അറിയിച്ചു. ഡാറ്റ ശേഖരണം കോവിഡ് പ്രതിരോധത്തിന് മാത്രമാണ്. ക്വാറന്റൈനിലുള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. രോഗവിശകലനത്തിനാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്. വിവരങ്ങൾ ദീർഘകാലത്തേക്ക് വേണ്ട. ക്വാറന്റൈൻ കാലാവധി കഴിഞ്ഞാൽ ഡാറ്റയുടെ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. വ്യക്തികളുടെ റേഷൻ കാർഡ് വിവരങ്ങളും ആധാർ വിവരങ്ങളും സ്പ്രിൻക്ലറിന് കൈമാറിയിട്ടില്ല. ഹർജിക്കാരുടെ ഈ ആരോപണം തെറ്റാണെന്നും സർക്കാർ വിശദീകരിച്ചു.