കൊച്ചി: കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരശേഖരണത്തിനായി സംസ്ഥാന സർക്കാർ ഉപയോഗിക്കുന്ന സ്‌പ്രിൻക്ലർ സേവനം കർശന ഉപാധികളോടെ തുടരാമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്. സ്വകാര്യ വിവരങ്ങൾ ചോരില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് നിലവിലെ സ്ഥിതി തുടരാമെന്നാണ് ഹൈക്കോടതിയുടെ പരോക്ഷ നിലപാട്. സ്വകാര്യതയ്‌ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കോടതി ആവർത്തിച്ചു.

Read Also: സ്‌പ്രിൻ‌ക്ലർ: ഹെെക്കോടതിയിൽ വാദം കേൾക്കുന്നതിനിടെ സൂം ആപ് പണിമുടക്കി

സർക്കാരിന് ആശ്വാസം നൽകിയുള്ള ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കംവയ്‌ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തു. കോവിഡ് പ്രതിരോധത്തിനിടെ തൽക്കാലം ഇടപെടുന്നില്ലെന്ന് ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. സ്‌പ്രിൻക്ലറിനെ കൂടാതെ കോവിഡ് പ്രതിരോധം സാധ്യമല്ലെന്ന സർക്കാർ നിലപാട് കണക്കിലെടുത്താണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: മൂന്നാഴ്ചത്തേക്ക് ബലം പ്രയോഗിച്ചുളള യാതൊരു നടപടികളും പാടില്ല; അര്‍ണബിന് സംരക്ഷണം നല്‍കി സുപ്രീം കോടതി

അതേസമയം, സ്‌പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ കോടതി ഉന്നയിച്ചു. സർക്കാർ മറുപടികളിൽ ഹൈക്കോടതി പൂർണ തൃപ്‌തി പ്രകടിപ്പിച്ചില്ല. കരാറുമായി ബന്ധപ്പെട്ട സർക്കാർ നടപടികളാട് യോജിപ്പില്ലെന്ന് കോടതി ഒരു ഘട്ടത്തിൽ വ്യക്തമാക്കി. ഇതോടെ കരാറിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് സർക്കാർ കോടതിയിൽ അവസാനം നിലപാടെടുത്തു. ഡാറ്റായുടെ രഹസ്യാത്മകത ഉറപ്പാക്കാമെന്നും സർക്കാർ അറിയിച്ചു. എഴുതി നൽകിയ നിലപാടിൽ നിന്ന് വ്യത്യസ്‌തമായാണ് ഒടുവിൽ ഈ നിലപാടിലേക്ക് എത്തിയത്. ഫോൺ നമ്പർ മാത്രമാണ് നൽകിയതെന്നും ഇത് മറയ്ക്കാമെന്നും വ്യക്തിയുടെ വിലാസവും പേരും നൽകുന്നില്ലെന്നും സർക്കാർ അവസാന ശ്രമം എന്ന നിലയിൽ അറിയിക്കുകയായിരുന്നു.

Read Also: സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്, ടിക്‌ടോക്കിലും താരമായി ബിന്ദു പണിക്കരും കുടുംബവും

കോവിഡ് യുദ്ധം നടക്കുമ്പോൾ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സാധാരണ ഗതിയിലാണെങ്കിൽ ഇടപെടുമായിരുന്നു. രോഗപ്രതിരോധ ദൗത്യത്തെ കോടതി തടസപ്പെടുത്തിയെന്ന വ്യാഖ്യാനം ഉണ്ടാകുമെന്നും ബഞ്ച് വ്യക്തമാക്കി. ആധാർ അടക്കം വ്യക്തിവിവരങ്ങൾ നൽകരുതെന്നും കോടതി വിലക്കി.

കേസിൽ വാദത്തിനിടെ ഹെെക്കോടതി നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. വസ്തുതകൾ മൂടിവയ്‌ക്കരുതെന്ന് കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി. എന്തുകൊണ്ട് സ്‌പ്രിൻക്ലറിനെ മാത്രമായി തിരഞ്ഞെടുത്തു എന്നും കമ്പനിയെ എങ്ങനെയാണ് തിരഞ്ഞെടുത്തത് എന്ന് വ്യക്തമല്ലെന്നും കോടതി പറഞ്ഞു. കമ്പനി സൗജന്യ സേവനം വാഗ്ദാനം ചെയ്തെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും ഇതാണോ കമ്പനിയെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്നും കോടതി ആരാഞ്ഞു.

ഡാറ്റാ പ്രധാനമാണെന്നും അത് സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നുംകോടതി ആവർത്തിച്ച് ഓർമ്മിപ്പിച്ചു. ഏപ്രിൽ നാല് വരെ ഡാറ്റാ ചോർന്നില്ലെന്ന് ഉറപ്പുണ്ടോ എന്നും കോടതി ആരാഞ്ഞു. എന്തുകൊണ്ട് കേന്ദ്ര സർക്കാരിന്റെ സർവർ സേവനം തേടിയില്ലെന്നും ഡാറ്റാ വ്യാധിക്ക് ഇട കൊടുക്കരുതെന്നും ന്യൂയോർക്കിൽ കേസിന് പോകേണ്ട സാഹചര്യമുണ്ടാക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു. കേസ് മുന്നാഴ്‌ച കഴിഞ്ഞ് പരിഗണിക്കും. കേസിൽ സർക്കാരിന് വേണ്ടി ഐടി നിയമ വിദഗ്‌ധ എൻ.എസ്.നാപ്പിനൈ ഹാജരായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.