കൊച്ചി: കോവിഡ് രോഗികളുടേയും നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനി സ്‌പ്രി‌ങ്ക്‌ളറിനു കൈമാറിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജി. സ്‌പ്രി‌ങ്ക്‌ളറുമായുള്ള കരാറിന് പിന്നിൽ 200 കോടിയുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഐടി സെക്രട്ടറിക്കുമെതിരെ കേസെടുക്കാൻ നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

സർക്കാർ തലത്തിൽ ഒരു ചർച്ചയും നടക്കാതെ വിദേശ കമ്പനിയുമായി നടത്തിയ കരാറിൽ വൻ സാമ്പത്തിക താൽപര്യങ്ങളുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണവും വിദേശ കമ്പനിയുമായുള്ള ഡാറ്റാ കൈമാറ്റത്തെ കുറിച്ച് സിബിഐ അന്വേഷണവും വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

Read Also: ലോക്ക്ഡൗൺ ദിനങ്ങളിലെ അമിതാഹാരം ഒഴിവാക്കാൻ ചില എളുപ്പ വഴികൾ

ഡാറ്റാ കൈമാറ്റം നിർത്തിവയ്‌ക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകനും കൊല്ലം സ്വദേശിയുമായ അബ്‌ദുൾ ജബറുദീൻ, ആലുവ സ്വദേശി മൈക്കിൾ വർഗീസ് എന്നിവർ അഡ്വക്കറ്റ് മാത്യൂസ്.ജെ.നെടുമ്പാറ മുഖേനയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.

പൗരന്റെ ഡാറ്റ അവരുടെ അനുമതിയില്ലാതെ കൈമാറിയത് സ്വകാര്യതയുടെ ലംഘനമാണെന്നും പൊതുതാൽപ്പര്യം സംരക്ഷിക്കാൻ ബാധ്യതയുള്ള മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഹർജിയിൽ പറയുന്നു. ഹർജി കോടതി നാളെ പരിഗണിച്ചേക്കും. ഡാറ്റാ കൈമാറ്റത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും കോടതിയിലുണ്ട്.

അതേസമയം, ലോക്ക്‌ഡൗൺ കഴിഞ്ഞ് സ്‌പ്രി‌ങ്ക്‌ളർ കരാറിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. “മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും. ഇന്ത്യയിൽനിന്ന് കൊണ്ടു പോകുന്ന മരുന്ന് അമേരിക്ക തിരികെ ഇന്ത്യയിലേക്ക് തന്നെ കൊണ്ടുവരും. കരാറിന്റെ വസ്തുതകൾ പുറത്ത് കൊണ്ടുവരാൻ സിബിഐ അന്വേഷണം നടത്തണം. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഏതറ്റംവരെയും പോകും. മോദിയുടെ കാർബൺ കോപ്പിയാണ് പിണറായി വിജയൻ” മുരളീധരൻ പറഞ്ഞു.

Read Also: അച്ഛൻ മരിച്ചു; അന്ത്യകർമങ്ങളിൽ പങ്കെടുക്കില്ലെന്ന് യോഗി ആദിത്യനാഥ്

വിവാദങ്ങൾ കത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു വാർത്താസമ്മേളനം നടത്തും. കോവിഡ് അവലോകനയോഗത്തിനു ശേഷം വൈകീട്ട് ആറിനാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ദിനംപ്രതിയുള്ള വാർത്താസമ്മേളനം അവസാനിപ്പിച്ച ശേഷം ആദ്യമായാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്. പ്രതിപക്ഷ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആയിരിക്കും ഇനി മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുക. കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലാണ് ദിനംപ്രതിയുള്ള അവലോകനയോഗം അവസാനിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.