കൊച്ചി: കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിലിരിക്കുന്നവരുടേയും ഡാറ്റ വിശകലനത്തിന് അമേരിക്കൻ കമ്പനി സ്‌പ്രിൻക്ലറുമായി ഉണ്ടാക്കിയ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. ഐടി കമ്പനിയുമായി കരാർ നിലവിൽ വരും മുൻപേ ഡാറ്റാ കൈമാറ്റം ആരംഭിച്ചെന്നും നിയമപരമായ ഒരു പരിശോധനയും അംഗികാരവുമില്ലാതെയാണ് സർക്കാർ കരാറിൽ ഏർപ്പെട്ടെതെന്നും റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

ഹർജിയിൽ തീർപ്പാവും വരെ ഡാറ്റാ കൈമാറ്റം നിർത്തിവയ്ക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും അനുമതിയില്ലാതെ നടന്ന ഡാറ്റ കൈമാറ്റം സ്വകാര്യതയുടെ ലംഘനമാണെന്നും നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. കേസ് 24 ന് പരിഗണിച്ചേക്കും. കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കോടതിയെ സമീപിച്ചിട്ടുണ്ട്.

Read Also: ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ 7 വർഷം വരെ തടവുശിക്ഷ

സ്‌പ്രിൻക്ലർ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ രണ്ടംഗ സമിതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുണ്ട്. സ്‌പ്രിൻക്ലറുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു സർക്കാർ നടപടി. മുന്‍ കേന്ദ്ര ഐടി സെക്രട്ടറി മാധവന്‍ നമ്പ്യാര്‍, മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐഎഎസ് എന്നിവരാണ് അന്വേഷണസമിതിയിലെ അംഗങ്ങൾ. സ്‌പ്രിൻക്ലർ ഇടപാടിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് രണ്ടംഗ സമിതി പരിശോധിക്കും. ഒരു മാസത്തിനകം പരിശോധിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നാണ് നിർദേശം. ഭാവിയിലേക്ക് ആവശ്യമായ നിർദേശങ്ങളും സമിതി നൽകും. അന്വേഷണ സമിതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

സ്‌പ്രിൻക്ലറുമായി ബന്ധപ്പെട്ട് ഹൈക്കോടതി സർക്കാരിനോട് വ്യക്തത തേടിയിട്ടുണ്ട്. പൗരന്റെ മെഡിക്കൽ വിവരങ്ങൾ നിർണായകമെന്ന് ഹൈക്കോടതി പറഞ്ഞു. നിർണായക വിവരങ്ങൾ സ്‌പ്രിൻക്ലർ കമ്പനിക്ക് കൈമാറുന്നില്ലെന്ന സർക്കാർ നിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാർ നിലപാട് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിവരങ്ങൾ ചോരുന്നില്ലെന്ന ഉറപ്പ് നൽകാൻ സർക്കാരിനാകുമോയെന്ന് ആരാഞ്ഞു. കോവിഡ് ബാധിതരുടേയും നിരീക്ഷണത്തിൽ ഇരിക്കുന്നവരുടേയും വിവരങ്ങൾ അമേരിക്കൻ കമ്പനി സ്‌പ്രി‌ങ്ക്‌ളറിന് കൈമാറിയതിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ടി.ആർ.രവിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.