Latest News

ഒഎം നമ്പ്യാർ ഇനി ഓർമ്മ

പിടി ഉഷ അടക്കമുള്ള കായിക താരങ്ങളുടെ പരിശീലകനായിരുന്നു ഒഎം നമ്പ്യാർ

PT USha, OM Nambiar, PT Usha on coach Nambiar, Coach OM Nambiar" />

കോഴിക്കോട്: പ്രമുഖ കായിക പരിശീലകൻ ഒഎം നമ്പ്യാര്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

ഒളിംപ്യൻ പിടി ഉഷ അടക്കമുള്ള കായിക താരങ്ങളുടെ പരിശീലകനായിരുന്നു ഒഎം നമ്പ്യാർ. രാജ്യത്തെ മികച്ച പരിശീലകനുള്ള കായിക ബഹുമതിയായ ദ്രോണാചാര്യ പുരസ്‌കാരത്തിനർഹനായ ഒഎം നമ്പ്യാർക്ക് ഈ വർഷം പത്മശ്രീയും പുരസ്കാരവും ലഭിച്ചിരുന്നു.

ഒഎം നമ്പ്യാരുടെ വിടവാങ്ങൽ തന്റെ ജീവിതത്തിൽ നികത്താനാവാത്ത ശൂന്യതയുണ്ടാക്കിയതായി പിടി ഉഷ പറഞ്ഞു.

“എന്റെ ഗുരുവിന്റെ, എന്റെ പരിശീലകന്റെ, എന്റെ വഴികാട്ടിയായി വെളിച്ചം പകർന്നയാളുടെ വിടപറയൽ ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കും. എന്റെ ജീവിതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയില്ല. ദുഖത്താൽ ഞാൻ അസ്വസ്ഥയായിരിക്കുകയാണ്. ഒഎം നമ്പ്യാർ സാർ, താങ്കളുടെ അഭാവം എന്നും അനുഭവപ്പെടും. ആർഐപി,” പിടി ഉഷ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ പുരസ്കാര ജേതാവാണ് ഒഎം നമ്പ്യർ. പിടി ഉഷയുടെ പരിശീലകനെന്ന പേരിൽ പ്രശസ്തി നേടിയിരുന്ന അദ്ദേഹം 1984ലെ ലോസ്ഏഞ്ചലസ് ഒളിമ്പിക്‌സില്‍ പിടി ഉഷയെ പരിശീലിപ്പിച്ചിരുന്നു.

1970 കളിലാണ് പിടി ഉഷ നമ്പ്യാർക്ക് കീഴിൽ പരിശീലനം ആരംഭിച്ചത്. ലോസ് ഏഞ്ചൽസ് ഗെയിംസിലെ നാലാം സ്ഥാനവും ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ എന്നിവയിൽ നേടിയ ഒന്നിലധികം മെഡലുകളും പിടി ഉഷക്ക് ഗോൾഡൻ ഗേൾ എന്ന പദവി നേടിക്കൊടുത്തു. പിടി ഉഷയുടെ പരിശീലകനായ ഒഎം നമ്പ്യാരും 1980 കളിൽ രാജ്യത്തിന് സുപരിചിതനായി.

Read More: അച്ചടക്കത്തിൽ വിട്ടുവീഴ്ചയില്ലായിരുന്നു; മാംസവും മുട്ടയും കഴിക്കാത്ത സ്വഭാവം മാറ്റാൻ നിർബന്ധിച്ചു: ഒഎം നമ്പ്യാരുമൊത്തുള്ള ഓർമകളുമായി പി ടി ഉഷ

ഒ എം നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഒളിമ്പ്യൻ പി ടി ഉഷ ഉൾപ്പെടെ നിരവധി രാജ്യാന്തര താരങ്ങളുടെ മാർഗ്ഗദർശിയും പരിശീലകനുമായിരുന്ന ഒ.എം നമ്പ്യാരുടെ സംഭാവനകൾ കായിക ലോകം എന്നും ഓർക്കുമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇന്ത്യയിലെ കായികരംഗത്ത് ഒഎം നമ്പ്യാരുടെ സംഭാവന വലുതാണെന്ന് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

“ദ്രോണാചാര്യ അവാർഡ് ജേതാവ് കോച്ച് ഒ എം നമ്പ്യാർ സാർ കുറച്ചുകാലം മുമ്പ് മരണമടഞ്ഞുവെന്ന വാർത്ത ദുഃഖത്തോടെ അറിയിക്കുന്നു. പി ടി ഉഷയുടെ പരിശീലകനായിരുന്നു അദ്ദേഹം. താങ്കൾ ഗോൾഡൺ ഗേളിനെ ഞങ്ങൾക്ക് നൽകി. ഇന്ത്യയിലെ കായികരംഗത്ത് താങ്കളുടെ സംഭാവന വളരെ വലുതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞങ്ങളുടെ അനുശോചനം,” അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അനുശോചനയുടെ സന്ദേശത്തിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sports coach o m nambiar passes away

The moderation of comments is automated and not cleared manually by malayalam.indianexpress.com