കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ മാണി വിഭാഗവും ജോസഫ് വിഭാഗവും നേര്‍ക്കുനേര്‍. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ജോസ്.കെ.മാണിയുടെ ആവശ്യത്തോട് മുഖം തിരിച്ച് പി.ജെ.ജോസഫ്. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണി നല്കിയ കത്ത് പി.ജെ.ജോസഫ് തള്ളി കളഞ്ഞു.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സമവായമുണ്ടാക്കിയ ശേഷം സംസ്ഥാന കമ്മിറ്റി ചേര്‍ന്നാല്‍ മതിയെന്ന മുന്‍ നിലപാടില്‍ ജോസഫ് ഉറച്ചുനിന്നു. എന്നാല്‍, പ്രശ്ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന സൂചനകളും ഇരു നേതാക്കളും നല്‍കുന്നുണ്ട്.
Read More: ‘പിളരരുതിനിയും!’; സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യത്തിലുറച്ച് ജോസ് കെ.മാണി
പാര്‍ലമെന്ററി പാര്‍ട്ടിയിലെ അംഗങ്ങളോട് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്താന്‍ ഇരു നേതാക്കളും ആവശ്യപ്പെട്ടിരുന്നു. അനുരഞ്ജനത്തിനായി സഭാ നേതൃത്വം ഇടപെട്ടതിന് പിന്നാലെയാണിത്. എന്നാല്‍, ഇരു വിഭാഗങ്ങളും തമ്മിലുള്ള പോര് ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.
സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട ജോസ് കെ.മാണി മറ്റ് ചര്‍ച്ചകള്‍ക്കൊന്നും ഔദ്യോഗിക സ്വഭാവമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചെയര്മാന് സ്ഥാനം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് പി.ജെ.ജോസഫ്.
സംസ്ഥാന കമ്മിറ്റി വിളിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അതിനു ശേഷം മാത്രമേ ചെയര്‍മാനെ നിശ്ചയിക്കാവൂ എന്നുമാണ് ജോസ് കെ.മാണി പറയുന്നത്. എന്നാല്‍, സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കേണ്ട ആവശ്യം നിലവില്‍ ഇല്ല എന്ന് ഉറപ്പിച്ചു പറയുകയാണ് പി.ജെ.ജോസഫ്. മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുള്ള ഭിന്നത ശക്തമാകാന്‍ കാരണവും ഇത് തന്നെ.