KM Mani, the doyen of modern Kerala politics who led the most popular faction of the Kerala Congress: വളര്‍ന്നും പിളര്‍ന്നുമാണ് കേരളാ കോണ്‍ഗ്രസ്  കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ചര്‍ച്ചയായത്. ‘വളരും തോറും പിളരും, പിളരും തോറും വളരും’ എന്നാണ് കേരളാ കോണ്‍ഗ്രസിനെ കുറിച്ച് വര്‍ഷങ്ങളായി വിശേഷിപ്പിക്കുന്നത്. കേരളാ കോണ്‍ഗ്രസ് പിളര്‍ന്ന് പിളര്‍ന്ന് പലവഴിയ്ക്കായപ്പോഴും കരിങ്കോഴയ്ക്കല്‍ മാണി മാണി എന്ന കെ എം മാണി അതിശക്തനായിരുന്നു.

1964 ഒക്ടോബര്‍ 9 ന് കേരള കോണ്‍ഗ്രസ് രൂപീകരിച്ച ശേഷം പാര്‍ട്ടി ഇതു വരെ പിളര്‍ന്നത് പത്ത് തവണയാണ്. 1959 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായാണ് കെ എം മാണി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1964 ഒക്ടോബര്‍ 9 ന് കെ.എം.ജോര്‍ജിന്റെ നേതൃത്വത്തിലാണ് കേരളാ കോണ്‍ഗ്രസ് പിറവി കൊള്ളുന്നത്. 1965 ലാണ് കെ എം മാണി കേരളാ കോണ്‍ഗ്രസിലെത്തിയത്. അതേ വർഷം തന്നെ പാലാ മണ്ഡലത്തിൽ നിന്ന് കെ എം മാണി നിയമസഭയിലെത്തി. പിന്നീട് 13 തവണ പാലായില്‍ നിന്ന് അദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.

Read More: K M Mani Funeral Live Updates: മാണി സാറിന് കേരളത്തിന്റെ ഹൃദയാഞ്ജലി

1965 ല്‍ രൂപം കൊണ്ട കേരളാ കോണ്‍ഗ്രസ് ആദ്യം പിളരുന്നത് 1977 ലാണ്. കേരളാ കോണ്‍ഗ്രസില്‍ നിന്ന് ആര്‍ ബാലകൃഷ്ണ പിള്ളയാണ് ആദ്യം പുറത്തു വന്നത്. പിന്നീട് കേരളാ കോണ്‍ഗ്രസ് (ബി) രൂപീകരിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ കെ എം മാണിയും കേരളാ കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ന്നു. 1979 ല്‍ കെ എം മാണി കേരളാ കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. 79 ൽ പിളർന്ന കേരളാ കോൺഗ്രസിൽ പി.ജെ. ജോസഫ് വിഭാഗം യുഡിഎഫിലും കേരളാ കോൺഗ്രസ് (എം) എൽഡിഎഫിലും നിലയുറപ്പിച്ചു.

1982 ൽ മാണി വിഭാഗവും ജോസഫ് വിഭാഗവും ബാലകൃഷ്ണ പിള്ള വിഭാഗവും യുഡിഎഫ് സർക്കാരിന്റെ ഭാഗമായി. 1985 ൽ പിള്ളയും മാണിയും ജോസഫും നേതൃത്വം നർകിയ പാർട്ടികൾ ലയിച്ചു, നാല് മന്ത്രിമാരും 14 എംഎൽഎമാരുമായി യുഡിഎഫ് സർക്കാരിൽ ഭാഗമായി. 1987 ൽ വീണ്ടും പിളർപ്പ്. പി ജെ ജോസഫ് എൽഡിഎഫിൽ, പിള്ളയും മാണിയും അടങ്ങുന്ന പാർട്ടി യുഡിഎഫിലും നിലയുറപ്പിച്ചുനാലാം പിളർപ്പിൽ പുതിയൊരു നേതാവിന്റെ ഉദയമാണ് കണ്ടത്. 1993 മാണിയുമായി തെറ്റിപിരിഞ്ഞ ടി എം ജേക്കബ് പുതിയ പാർട്ടിയുണ്ടാക്കി.  1996 ൽ അഞ്ചാമത്തെ പിളർപ്പുണ്ടായി. ഇക്കുറി കേരള കോൺഗ്രസ് (ബി) പിളർന്നു. ജോസഫ് എം പുതുശ്ശേരി പുറത്തെത്തി, പിന്നീട് മാണി ഗ്രൂപ്പിന്‍റെ ഭാഗമായി.

Read More: കെ എം മാണി എന്ന രാഷ്ട്രീയ പ്രമാണി

2003 ല്‍ കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിന് സാക്ഷിയായി. മാണിയോട് പിണങ്ങി പി സി തോമസ് ഐ.എഫ്.ഡി.പി. എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. പിന്നീട്, 2004 ല്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി പി.സി.തോമസ് കെ എം മാണിയുടെ മകനായ ജോസ് കെ.മാണിയെ പരാജയപ്പെടുത്തിയത് കെ എം മാണിക്ക് തിരിച്ചടിയായി. പി സി തോമസ് പിന്നീട് 2005 ല്‍ ജോസഫ് ഗ്രൂപ്പില്‍ ലയിച്ച് ഇടതുമുന്നണിയിലെത്തി. 2003 അടുത്ത പിളർപ്പ് ജോസഫ് ഗ്രൂപ്പിലായിരുന്നു. ഏഴാമത്തെ പിളർപ്പിൽ പി സി ജോർജ് കേരള കോൺഗ്രസ് സെക്യുലർ രൂപീകരിച്ചു. പിന്നീട് 2009 ൽ പി സി ജോർജിന്റെ കേരളാ കോൺഗ്രസ് സെക്യുലർ മാണിക്കൊപ്പം ചേർന്നു. 2010 ൽ ജോസഫ് – മാണി ഗ്രൂപ്പുകൾ ലയിച്ചു. എൽഡിഎഫിൽ ആയിരുന്ന ജോസഫ് അങ്ങനെ യുഡിഎഫിലെത്തി.

km mani, km mani death, k m mani, കെ എം മാണി, k m mani passes away,, കെ എം മാണി ഭാര്യ കുട്ടിയമ്മ, kerala congress m, കേരള കോൺഗ്രസ് എം, km mani wife, kuttiyamma, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

കെ എം മാണി, ചിത്രം നിധിന്‍ എ എസ്

2015 മുതൽ കേരളാ കോൺഗ്രസിൽ വീണ്ടും പിളർപ്പുകളുടെ കാലമായിരുന്നു. ബാർ കോഴ വിഷയത്തിൽ മാണിയോട് പിണങ്ങി പി സി ജോർജ് വിട്ടു പോയി, സെക്യുലർ പാർട്ടിക്ക് വീണ്ടും ജിവനേകി. ഇതാണ് എട്ടാമത്തെ പിളർപ്പ്. 2016 ലാണ് ഒൻപതാമത്തെ പിളർപ്പ്. മാണി ഗ്രൂപ്പ് പിളർത്തി ഫ്രാൻസിസ് ജോർജ് എൽഡിഎഫിലെത്തി. 2005 ൽ ജോസഫ് വിഭാഗത്തോടൊപ്പം ചേർന്ന് വീണ്ടും കേരളാ കോൺഗ്രസിലെത്തിയ പി സി തോമസ് വീണ്ടും കേരളാ കോൺഗ്രസ് വിട്ടതോടെ പാർട്ടിയിലെ പത്താം പിളർപ്പും സംഭവിച്ചു. കേരളാ കോൺഗ്രസ് (തോമസ്) വിഭാഗം പിന്നീട് എൻഡിഎ മുന്നണിയുടെ ഭാഗമായി.

പത്ത് തവണ പിളർന്നപ്പോഴും കേരള കോൺഗ്രസിന്റെ മുഖമായിരുന്നു മാണി സർ. മരണം വരെ കേരള രാഷ്ട്രീയത്തിൽ ആ പേര് ചർച്ചയായിരുന്നു. ഏറ്റവും ഒടുവിൽ, ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റുമായി ബന്ധപ്പെട്ടും കെ എം മാണിയുടെ  തീരുമാനം ചർച്ചയായി. കേരളാ കോൺഗ്രസ് ഒരിക്കൽ കൂടി പിളർപ്പിന്റെ വക്കോളമെത്തി. കോട്ടയം സീറ്റിനായി പി ജെ ജോസഫ് കടുത്ത നിലപാടെടുത്തപ്പോഴും കെ.എം.മാണി കുലുങ്ങിയില്ല.

ആരോഗ്യം മോശമായപ്പോഴും അദ്ദേഹം മാധ്യമങ്ങളെ കണ്ടു. പാർട്ടിയിലെടുത്ത തീരുമാനങ്ങൾ ചെയർമാൻ എന്ന നിലയിൽ മാധ്യമങ്ങളെ അറിയിച്ചു. പി ജെ ജോസഫിന് കെ എം മാണി വഴങ്ങുമെന്ന് പോലും വാർത്തകളുണ്ടായി. എന്നാൽ, ഏറ്റവും ഒടുവിൽ തന്റെ വിശ്വസ്തനായ തോമസ് ചാഴികാടന് കോട്ടയം സീറ്റ് നൽകി കെ എം മാണി ഒരിക്കൽ കൂടി കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തി

Read More: KM Mani, the forever politician of Pala: കുട്ടിയമ്മയുടെയും പാലാക്കാരുടെയും സ്വന്തം മാണി

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.