കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ചിക്കന്‍ വില. രണ്ടാഴ്ചയ്ക്കുള്ളില്‍ വില ഇരട്ടിയായി. രണ്ടാഴ്ചയ്ക്കു മുന്‍പ് ബ്രോയിലര്‍ കോഴിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്കു 80 രൂപയും ഇറച്ചിക്കു 120-130 രൂപയുമായിരുന്നു. നിലവിലത് യഥാക്രമം 160 രൂപയും 220-240 രൂപ വരെയുമാണ്. വലിയ പെരുന്നാള്‍ അടുത്തെത്തിയതോടെയുണ്ടായ ഇറച്ചിവില വര്‍ധന വീടുകള്ക്കെന്ന പോലെ ഹോട്ടലുകള്‍ക്കും വന്‍ ബാധ്യതയാകുകയാണ്.
നിലവില്‍ 140-145 രൂപയ്ക്കാണു സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ക്കു ബ്രോയിലര്‍ ചിക്കന്‍ ലഭിക്കുന്നത്. തമിഴ്നാട്ടില്‍ കോഴി ഉല്‍പ്പാദനം കുറഞ്ഞതിനൊപ്പം ഉത്സവ സീസണ് കണക്കിലെടുത്ത് അവിടുത്തെ വന്‍കിട ഫാമുടമകള്‍ വില കൂട്ടിയതുമാണ് ഇപ്പോഴത്തെ വര്‍ധനയ്ക്കു കാരണമെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണഗതിയില്‍, ഉത്സവ സീസണില്‍ കോഴി വില കിലോയ്ക്കു 10 രൂപ വരെയാണു വര്‍ധിക്കാറുള്ളത്.
വില വര്‍ധിക്കുന്നതിന് മുന്‍പ് പൊതുവെ കിലോയ്ക്കു 65-70 രൂപയ്ക്കാണ് ചില്ലറ വ്യാപാരികള്‍ക്കു കോഴി ലഭിച്ചിരുന്നത്. അത് ഇറച്ചിയാക്കുമ്പോഴേക്കും 105-110 രൂപ ചെലവ് വരും. ആ സമയത്ത് 120-130 രൂപയ്ക്കാണു വ്യാപാരികള്‍ വിറ്റിരുന്നത്. നിലവില്‍, കിലോയ്ക്കു 140 രൂപയ്ക്കാണ് വ്യാപാരികള്‍ക്കു കോഴി ലഭിക്കുന്നത്. ഗതാഗതച്ചെലവ് വര്‍ധിക്കുന്നതിന് അനുസരിച്ച് ഉള്‍നാടുകളില്‍ അല്‍പ്പം കൂടി വില കൂടും. 100 കിലോ കോഴി വാങ്ങുന്ന വ്യപാരിയ്ക്കു വില്‍പ്പന വൈകുന്നതിന് അനുസരിച്ച് ആറ് കിലോയോളം തൂക്കത്തില്‍ കുറവ് വരും. ഇതിനൊപ്പം കോഴികള്‍ ചത്തുപോകുന്നതിന്റെ നഷ്ടം വേറെയും. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് ചില്ലറ വ്യാപാരികള്‍ പൊതുവായി വില നിശ്ചയിക്കുന്നത്.
ചിക്കനു വന്‍ ഡിമാന്‍ഡുണ്ടായ ലോക്ക്ഡൗണ്‍ കാലത്ത് കുറഞ്ഞ വിലയ്ക്കാണ് തമിഴ്നാട്ടില്‍നിന്നുള്ള കോഴി വിറ്റിരുന്നത്. ഇതുകാരണം, കിലോയ്ക്ക് 80 രൂപയ്ക്കു വില്‍ക്കേണ്ടിയിരുന്ന കോഴി 65-70 രൂപയ്ക്കു നല്കാന് കേരളത്തിലെ ഫാമുകള്‍ നിര്‍ബന്ധിതമായി. ഇതും കോഴിത്തീറ്റ വല വര്‍ധനവും കാരണം കേരളത്തിലെ കോഴി ഫാമുകള്‍ക്കു പിടിച്ചുനില്ക്കാന് പറ്റാതാവുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തു. കേരളത്തിലെ ഫാമുകളില്‍ ഉത്പാദനം കൂടുമ്പോള്‍, ഉത്പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കുകയും ഇവിടെ ഉത്പാദനം കുറയുമ്പോള്‍ വില കൂട്ടുകയും ചെയ്യുന്നത് തമിഴ്നാട് ലോബിയുടെ പൊതുവെയുള്ള രീതിയാണ്.
Also Read: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമം; മിഠായി തെരുവില്‍ പ്രതിഷേധം
കര്‍ഷക സമരത്തെത്തുടര്‍ന്ന് ചോളം ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ ഉത്പാദനക്കുറവും കോവിഡ് സാഹചര്യവും കാരണമാണ് മൂലം കോഴിത്തീറ്റ വില കൂടിയത്. ഇതേത്തുടര്‍ന്ന് വന്‍ നഷ്ടമുണ്ടായതോടെ തമിഴ്നാട്ടിലെ ഫാമുമകളും കോഴി ഉത്പാദനം കുറച്ചു. ഇതേസമയം, കേരളത്തില്‍ ഉത്സവസീസണില്‍ കോഴിയിറച്ചി ആവശ്യകത കൂടിയതോടെ തമിഴ്നാട് ലോബി അവസരം മുതലെടുത്ത് വില വര്‍ധിപ്പിക്കുകയായിരുന്നു.
തമിഴ്നാടിലെ വന്‍കിട കച്ചവടക്കാര്‍ ചെറുകിട ഫാമുടമകള്ക്കു കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും വിതരണം ചെയ്ത് വളര്‍ച്ചയെത്തിയ കോഴികകള്‍ തിരിച്ചുവാങ്ങുന്നതാണ് രീതി. ഇതുകാരണം കേരളത്തില്‍നിന്നുള്ള വ്യാപാരികള്‍ നേരിട്ടു ഫാമുടമകളെ സമീപിക്കാന്‍ കഴിയില്ല. വന്‍കിട കച്ചവടക്കാരുടെ ഓഫീസുകളില്‍ പണമടച്ചശേഷം അവര്‍ പറയുന്ന ഫാമുകളില്‍ പോയി കോഴി വാങ്ങുകയേ നിവൃത്തിയുള്ളൂ. ഈ സമ്പ്രദായം നില്നിക്കുന്നിടത്തോളം തമിഴ്നാട് ലോബി നിയന്ത്രിക്കുന്ന തരത്തിലാവും കേരളത്തിലെ കോഴി വില. ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച നടത്തി തറവില നിശ്ചയിക്കണമെന്നാണ് കോഴി വ്യാപാരികളുടെ ആവശ്യം.
സംസ്ഥാനത്തെ കോഴിയിറച്ചി വില്‍പ്പനയിലെ പ്രധാന ഘടകം ഹോട്ടലുകളില്‍നിന്നുള്ള ആവശ്യകതയാണ്. കോഴിവില വര്‍ധനമൂലം ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വില വര്‍ധനയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
അതേസമയം, ഈ ആഴ്ച കഴിയുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കേരള സംസ്ഥാന ചിക്കന്‍ വ്യാപാര സമിതി സംസ്ഥാ ന സെക്രട്ടറി പിഎസ് ഉസ്മാന് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Also Read: ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണില്‍ ഇളവ്; കേരളത്തിനോട് വിശദീകരണം തേടി സുപ്രീം കോടതി
”കോഴിവില വര്‍ധനവില്‍ തീറ്റ വില വര്‍ധന പ്രധാന കാരണമാണ്. കര്‍ഷകസമരത്തിന്റെ സാഹചര്യത്തില്‍ കൃഷി. ഉത്പാദനം കുറഞ്ഞു. ഇതുമുലം കോഴിത്തീറ്റയിലെ പ്രധാന ഘടകമായ ചോളം കിട്ടാതായി. ഇതുമൂലം കോഴിത്തീറ്റ 50 കിലോയുടെ ചാക്കിന്മേല് ആയിരത്തോളം രൂപ വര്‍ധിച്ചു. ഇതുമൂലമുള്ള നഷ്ടം കുറയ്ക്കാനായി തമിഴ്നാട്ടിലെ ഫാമുകള്‍ കോഴി ഉത്പാദനം കുറച്ചു. അതിനൊപ്പം ഡീസല്‍ വില വര്‍ധനയും കാരണമാകുന്നു. കേരളത്തിലെ ഫാമുകളിലേക്കു കോഴിക്കുഞ്ഞുങ്ങളെ കിട്ടുന്നില്ല. വിലയും കൂടുതലാണ്. തമിഴ്നാട്ടിലെ വന്‍കിട കമ്പനികളാണു കോഴിവില നിശ്ചയിക്കുന്നത്. ഉത്പാദനക്കുറവിനൊപ്പം ആവശ്യകത കൂടിയതും വില വര്‍ധനവിനു കാരണമായി. കേരളത്തിലെ സീസണിനൊപ്പം കോവിഡ് സാഹചര്യം മാറി തമിഴ്നാട്ടിലും കര്ണാടകയിലുമൊക്ക ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങുകയും ചെയ്തതോടെ കോഴിവില്‍പ്പന കൂടുതലായിട്ടുണ്ട്. വില തീറ്റ ലഭ്യത കൂടുതലാവുന്ന അതിന്റെ വില കുറയും. അതോടെ കോഴിവില കുറയും. ഈ ആഴ്ചയോടെ വില താഴോട്ടുവരാന്‍ സാധ്യതയുണ്ട്,” അദ്ദേഹം പറഞ്ഞു.
വില ക്രമാതീതമായി വര്‍ധിക്കുന്നത് ചെറുകിട കച്ചവടക്കാര്‍ക്കു വലിയ നഷ്ടമുണ്ടാക്കും. ഏജന്‍സികളില്‍നിന്നു കോഴി എടുത്തശേഷമുണ്ടാകുന്ന തൂക്കക്കുറവും കോഴികള്‍ ചത്തുപോകുന്നതും നഷ്ടമുണ്ടാക്കും. 100 കിലോയ്ക്കു ആറ് കിലോ തൂക്കക്കുറവുണ്ടാകും. ഇതിനൊപ്പം കട വാടക, തൊഴിലാകളുടെ കൂലി, വൈദ്യുതി നിരക്ക്, മാലിന്യ നിര്‍മാര്‍ജനത്തിനുള്ള തുക എന്നിവ കണക്കിലെടുക്കുമ്പോള്‍ ചെറുകിട കച്ചവടക്കാര്‍ക്കു പിടിച്ചുനില്ക്കാന് കഴിയാത്ത സാഹചര്യമാണെന്നും ഉസ്മാന് പറഞ്ഞു.
അതേസമയം, ലഗോണ്‍ ചിക്കന്‍ വില കുറഞ്ഞിട്ടുണ്ട്. രണ്ടു മാസം മുന്‍പ് കിലോയ്ക്കു 240 രൂപയുണ്ടായിരുന്ന ലഗോണ്‍ ചിക്കന്‍ വില ഇപ്പോള്‍ 170-180 രൂപയാണ്. കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലാണ് ലഗോണ്‍ ആവശ്യക്കാര്‍ കൂടുതല്‍.