കൊച്ചി: ഇനി തിരുപ്പതിയിലേക്ക് കൊച്ചിയില്‍ നിന്നും പറക്കാനാകും. കൊച്ചിയില്‍ നിന്നും തിരുപ്പതിയിലേക്കും തിരിച്ചും പുതിയ വിമാന സര്‍വ്വീസ് ആരംഭിക്കുകയാണ് സ്‌പൈസ് ജെറ്റ്. തിരുപ്പതിക്കും കൊച്ചിക്കും പുറമെ, വിജയവാഡ, ബെംഗളൂരു എന്നീ നഗരങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന പുതിയ സര്‍വ്വീസുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ സ്‌പൈസ് ജെറ്റ് ആരംഭിക്കും.
ദക്ഷിണേന്ത്യയിലെ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പൈസ് ജെറ്റ് ആരംഭിക്കുന്ന പുതിയ എട്ട് സര്‍വ്വീസുകളുടെ ഭാഗമായാണ് ഈ സര്‍വ്വീസുകള്‍. ആഴ്ചയില്‍ ആറ് ദിവസവും സര്‍വ്വീസുകളുണ്ടാകും. കൊച്ചി-തിരുപ്പതി, വിജയവാഡ-തിരുപ്പതി, വിജയവാഡ-ബെംഗളൂരു എന്നിങ്ങനെയാണ് സര്‍വ്വീസുകള്‍.
എസ്ജി 1075 വിമാനമാണ് കൊച്ചിയില്‍ നിന്നും തിരുപ്പതിയിലേക്കും തിരിച്ചും പറക്കുക. സര്‍വ്വീസ് മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. രാവിലെ 9.10 ന് വിമാനം കൊച്ചിയില്‍ നിന്നും പുറപ്പെടും. രാവിലെ 10.40 ഓടെ തിരുപ്പതിയില്‍ എത്തിച്ചേരും. വൈകിട്ട് 6.25 നാണ് റിട്ടേണ്‍. രാത്രി 7.40 ഓടെ വിമാനം കൊച്ചിയിലെത്തുകയും ചെയ്യും. 3342 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇതോടെ ഒന്നര മണിക്കൂറിനുള്ളില്‍ കൊച്ചിയില്‍ നിന്നും തിരുപ്പതി എത്താനാകും.
പുതിയ സർവ്വീസ് ആരംഭിച്ചതോടെ തിരുപ്പതി ക്ഷേത്രത്തിലേക്ക് ദർശനം നടത്താന്‍ പോകാനായി നിരവധി പേരാണ് കേരളത്തിലും തയ്യാറായിരിക്കുന്നത്.