കൊച്ചി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിന് മേയ് ഏഴിന് കൊച്ചിയില്‍ നിന്നും ആദ്യം പുറപ്പെടുന്ന എയര്‍ ഇന്ത്യ സംഘത്തിന് പ്രത്യേക പരിശീലനം നൽകി. വിമാനത്തിലെ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനുമാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കിയത്.

പിപിഇ സ്യൂട്ടുകള്‍ ധരിക്കുന്നതിനും ഫ്ളൈറ്റിനിടയില്‍ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം ഇവരെ പരിശീലിപ്പിച്ചത്. സ്യൂട്ടുകള്‍ ധരിക്കുന്നതിന്റെയും, അവ ശ്രദ്ധാപൂര്‍വ്വം പ്രോട്ടോക്കോള്‍ പ്രകാരം ഊരിമാറ്റുന്നതിന്റെയും പ്രാക്ടിക്കല്‍ വിശദീകരണം നല്‍കി ഇവര്‍ക്കാവശ്യമായ സൗജന്യ കിറ്റുകളും വിതരണം ചെയ്തു. എല്ലാവരുടെയും ആർടിപിസിആർ പരിശോധനയും പൂർത്തിയായ ശേഷമാണ് സംഘം യാത്രയ്ക്കൊരുങ്ങുന്നത്.

Also Read: പ്രവാസി മലയാളികളെ രണ്ടാഴ്ച കഴിയാതെ വീട്ടിലേക്ക് വിടില്ല; സർക്കാർ ക്വാറന്റൈൻ നിർബന്ധം

പ്രത്യേക പരിശീലനത്തിന് ശേഷം ക്രൂവിന്റെ ആത്മവിശ്വാസം പതിന്‍മടങ്ങ് വർധിച്ചതായി ക്യാപ്റ്റന്‍ പാര്‍ത്ഥ സര്‍ക്കാര്‍ പറഞ്ഞു. 4 പൈലറ്റുമാര്‍ അടക്കം 12 പേരടങ്ങുന്ന സംഘത്തിനാണ് മെഡിക്കല്‍ കോളേജിൽ പരിശീലനം നല്‍കിയത്.

Also Read: ഇതര സംസ്ഥാന തൊഴിലാളികൾക്കു നാട്ടിലേക്കു പോകാനുള്ള ട്രെയിൻ സർവീസ് നിർത്തിവച്ച് കർണാടക

എറണാകുളം മെഡിക്കല്‍ കോളേജ് ആര്‍എംഒ, ഡോ.ഗണേശ് മോഹന്‍, എആര്‍എംഒ ഡോ.മനോജ് ആന്റണി, ഡോ.ഗോകുല്‍ സജ്ജീവന്‍, വിദ്യ വിജയന്‍, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ സ്റ്റാഫ് നഴ്‌സ്, എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ആവശ്യമെങ്കില്‍ ഇനിയും ഫ്‌ളൈറ്റ് ക്രൂവിന് പരിശീലനം നല്‍കുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.പീറ്റര്‍ വാഴയില്‍ അറിയിച്ചു.

Also Read: കോവിഡിനിടയിലും തട്ടിപ്പ്; വഞ്ചിക്കപ്പെടരുതെന്ന് ദുബായ് കോൺസുലേറ്റ്

മടങ്ങിയെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ വലിയ സജ്ജീകരണമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുക്കിയിരിക്കുന്നത്. വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികൾക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. മടങ്ങിയെത്തുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ വീടുകളിലേക്ക് മടക്കൂ.

Also Read: കേരളത്തില്‍ പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ സ്റ്റേഡിയങ്ങളും

കേരളത്തിൽ 80,000 പ്രവാസികളാണ് തിരിച്ചെത്താൻ സാധ്യത. പ്രവാസികളെ പരിശോധിക്കാൻ രണ്ട് ലക്ഷം കിറ്റുകൾ തയ്യാറാക്കിയതായും രണ്ടരലക്ഷം കിടക്കകൾ പ്രവാസികൾക്കായി സംസ്ഥാനത്ത് സജ്ജീകരിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് വിദേശ രാജ്യങ്ങളില്‍നിന്ന് വളരെ കുറച്ചുപേരെ മാത്രമേ ആദ്യ ഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളൂവെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.