തിരുവനന്തപുരം: ആഴ്‌ചയിൽ മൂന്ന് ട്രെയിൻ സർവീസുകളാണ് കേരളത്തിലേള്ളത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് സർവീസ്. എന്നാൽ, ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നു ഡൽഹിയിലേക്കുമുള്ള സ്‌പെഷ്യൽ ട്രെയിൻ സർവീസിൽ കേരളത്തിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കില്ല. കേരളത്തിൽ അന്തർ ജില്ല ട്രെയിൻ യാത്ര അനുവദിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കി.

ഡൽഹിയിൽ നിന്ന് വരുന്ന സ്പെഷ്യൽ ട്രെയിനിൽ കേരളത്തിനകത്തെ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ഉത്തരവിറക്കി. സംസ്ഥാനത്തിനകത്തെ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് നേരത്തെ യാത്ര അനുവദിച്ചിരുന്നു. എന്നാൽ, ഇതിനെ സംസ്ഥാന സർക്കാർ എതിർത്തു. സംസ്ഥാനത്തിനകത്തെ യാത്ര അനുവദിക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് റെയിൽവേയുടെ നടപടി. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്നതിനു എതിർപ്പില്ല.

Read Also: സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും ഒന്നിച്ചു തുറക്കും: എക്‌സെെസ് മന്ത്രി

സ്‌പെഷ്യൽ ട്രെയിന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ മൂന്ന് സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. നേരത്തെ റെയിൽവേ പുറത്തിറക്കിയ സർക്കുലർ പ്രകാരം കോഴിക്കോട് നിന്ന് എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും പോകുന്നതിനും നേരെ തിരിച്ചും യാത്രാനുമതി ഉണ്ടായിരുന്നു. എന്നാൽ, അത് ഇപ്പോൾ വേണ്ടന്നുവച്ചിരിക്കുകയാണ്. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്കുള്ള യാത്രയ്‌ക്ക് ഇതോടെ ‘ലോക്ക്’ വീണു.

ജൂൺ 31 വരെ സാധാരണ ട്രെയിൻ സർവീസ് ഇല്ല

രാജ്യത്ത് ജൂൺ 30 വരെ സാധാരണ ട്രെയിൻ സർവീസ് ഇല്ല. ജൂൺ 30 വരെ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റെയിൽവേ റദ്ദാക്കി. ടിക്കറ്റ് തുക മുഴുവനായും തിരിച്ചുകൊടുക്കും. ഇക്കാലയളവിൽ സ്പെഷ്യൽ ട്രെയിനുകളും ശ്രമിക് ട്രെയിനുകളും മാത്രമാണ് ഉണ്ടാകുക.

ആകെ സർവീസുകൾ

എല്ലാ ട്രെയിനുകളും രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ യാത്ര ആരംഭിക്കുന്നതോ അവസാനിപ്പിക്കുന്നതോ ആയിരിക്കും. 15 ജോഡി ട്രെയിൻ സർവീസുകളാണ് രാജ്യത്തുള്ളത്. ട്രെയിനുകൾക്ക് ജനറൽ ബോഗി ഉണ്ടാകില്ല. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്ര. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന, ഗോവ, അസം, ബീഹാർ, ഗുജറാത്ത്, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ത്രിപുര, ഒഡീഷ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ 15 സ്റ്റേഷനുകളെ ഡൽഹിയുമായി ബന്ധിപ്പിച്ചാണ് ട്രെയിനുകൾ. എസി ത്രി ടയർ കോച്ചിൽ 52 യാത്രക്കാരെയും എസി ടു ടയർ കോച്ചിൽ 48 യാത്രക്കാരെയും മാത്രമാണ് അനുവദിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook