തൃശൂർ: കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ഒരു ‘ടോയ്ലറ്റ്’ ചിത്രവുമായി ബന്ധപ്പെട്ട് ആരംഭിച്ച ചൂടേറിയ ചർച്ചകൾ ഇതുവരെ അവസാനിച്ചിട്ടില്ല. തൃശൂർ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തോട് ചേർന്ന് ബ്രാഹ്മണർക്കു മാത്രമായുള്ള ടോയ്ലറ്റിന്റെ ചിത്രമാണ് വിവാദമായത്. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു.
പുരുഷൻമാർ, സ്ത്രീകൾ, ബ്രാഹ്മിൻസ് എന്നിങ്ങനെ മൂന്ന് ടോയ്ലറ്റുകളാണ് ക്ഷേത്രത്തിനോട് ചേർന്നുള്ള വഴിയിലുള്ളത്. ക്ഷേത്രകുളത്തിനോട് ചേർന്ന് പൊതുറോഡിലേക്ക് കയറുന്നിടത്താണ് ടോയ്ലറ്റ് ഉള്ളത്. ജാതീയത പൂർണമായി നീക്കം ചെയ്തുവെന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു ചിത്രം പ്രചരിച്ചത് ഏറെ ചർച്ചയായി. അർവിന്ദ് ജി.ക്രിസ്റ്റോ എന്ന യുവാവാണ് ഈ ചിത്രം പകര്ത്തിയത്. ഇങ്ങനെയൊരു രീതി കണ്ടപ്പോൾ പെട്ടന്ന് ഞെട്ടിപ്പോയെന്നും അങ്ങനെ എടുത്ത ചിത്രമാണിതെന്നും അർവിന്ദ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

തൃശൂർ സ്വദേശിയായ അർവിന്ദ് ഡൽഹിയിൽ ഗവേഷണ വിദ്യാർഥിയാണ്. നേരത്തെ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ സബ് എഡിറ്ററായി ജോലി ചെയ്തിരുന്ന അർവിന്ദ് കേരളത്തിലെ ട്രെെബൽ വിഷയങ്ങളിലാണ് ഗവേഷണം നടത്തുന്നത്. അർവിന്ദിന്റെ അച്ഛന്റെ വീട് ചേറൂരാണ്. മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനാണ് താൻ കുറ്റുമുക്കിലെത്തിയതെന്ന് അർവിന്ദ് പറഞ്ഞു. സ്ത്രീക്കും പരുഷനും പുറമേ ബ്രാഹ്മിൻസ് എന്നെഴുതിയ ടോയ്ലറ്റ് കണ്ടപ്പോൾ വിചിത്രമായി തോന്നിയെന്നും താൻ ഒരു മാധ്യമപ്രവർത്തകൻ കൂടി ആയിരുന്നതിനാൽ അപ്പോഴത്തെ ആകാംക്ഷയിൽ ചിത്രം എടുത്തതാണെന്നും അർവിന്ദ് പറഞ്ഞു.
Read Also: ആരോഗ്യരംഗത്ത് വേറെ ലെവൽ; കേരളത്തെ വാനോളം പുകഴ്ത്തി ബിബിസി
ഇന്നലെയും ഇന്നുമായാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. ചിത്രം വിവാദമായതോടെ ‘ബ്രാഹ്മിൻസ്’ എന്ന ചുവരെഴുത്ത് ടോയ്ലറ്റിന്റെ മുകളിൽ നിന്നു നീക്കം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് ചുവരെഴുത്ത് നീക്കം ചെയ്തത്.
വിഷയത്തിൽ ഡിവെെഎഫ്ഐ ഇടപെട്ടിരുന്നു. ചിത്രം വെെറലായതോടെ ഡിവെെഎഫ്ഐ മേഖലാ നേതൃത്വം ക്ഷേത്ര ഭാരവാഹികളെ കാര്യം അറിയിച്ചു. ഇന്നു രാവിലെ കൊച്ചിൻ ദേവസ്വത്തെ ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ഉചിതമായ നടപടിയെടുക്കാമെന്ന് ക്ഷേത്ര ഭാരവാഹികൾ തങ്ങളെ അറിയിച്ചിരുന്നതായും പിന്നീട് ടോയ്ലറ്റിനു മുകളിലെ ‘ബ്രാഹ്മിൻസ്’ എന്ന ചുവരെഴുത്ത് നീക്കം ചെയ്തതായും വിൽവട്ടം ഡിവെെഎഫ്ഐ മേഖലാ പ്രസിഡന്റ് അരവിന്ദ് പള്ളിയിൽ പറഞ്ഞു.

25 വർഷം മുൻപാണ് ടോയ്ലറ്റ് പണി കഴിപ്പിച്ചതെന്ന് കുറ്റുമുക്ക് മഹാദേവ ക്ഷേത്ര സെക്രട്ടറി പ്രേംകുമാർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. “ക്ഷേത്രത്തിൽനിന്നു കുറച്ച് അകലെയാണ് ടോയ്ലറ്റ് കെട്ടിടം. ടോയ്ലറ്റിനു മുകളിൽ ഇങ്ങനെ എഴുതിയിരിക്കുന്ന കാര്യം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. 14 വർഷമായി ഞാൻ ഇവിടെ ക്ഷേത്ര സെക്രട്ടറിയാണ്. ക്ഷേത്ര ജീവനക്കാരും മേൽശാന്തിയടക്കമുള്ളവരും ഉപയോഗിക്കുന്ന ടോയ്ലറ്റാണ് അത്. ജാതിയൊന്നും നോക്കാതെ എല്ലാ ക്ഷേത്ര ജീവനക്കാരും ഇത് ഉപയോഗിക്കുന്നുണ്ട്. 25 വർഷം മുൻപ് വേറെ എന്തെങ്കിലും കാരണത്താൽ എഴുതിയതാകും ആകും അത്. ക്ഷേത്രത്തിൽ നിന്ന് അകലെയായതിനാൽ ഞങ്ങളുടെ ആരുടെയും ശ്രദ്ധയിൽപ്പെടാത്തതാണ്,” പ്രേംകുമാർ പറഞ്ഞു.