തിരുവനന്തപുരം: സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത പരിശോധനകള്‍ക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്ക് ഫോഴ്സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ മുതല്‍ കമ്മീഷണര്‍ വരുയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികള്‍ ശക്തമാക്കിയതായി യോഗം വിലയിരുത്തി. കഴിഞ്ഞ ആറ് മാസത്തിനകം അര ലക്ഷത്തോളം പരിശോധനകളാണ് നടത്തിയത്. 2019ല്‍ 45 കടകളും 2020ല്‍ 39 കടകളും 2021ല്‍ 61 കടകളും അടപ്പിച്ചപ്പോള്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു.
സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് കമ്മീഷണര്‍ കണ്ട് മാത്രമേ പുന:സ്ഥാപിക്കുന്നതിന് അനുമതി നല്കാന് പാടുള്ളൂ. കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തണം. രാത്രികാലങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍, തട്ടുകടകള്‍ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായി പരിശോധനകള്‍ നടത്തണം. ഒന്നിച്ച് കൂടുതല്‍ ശക്തമായി മുന്നോട്ട് പോകണം. പരിശോധനകളും പ്രോസിക്യൂഷന് നടപടികളും ഭയരഹിതമായി നടത്തണം. പരിശോധനകള്‍ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കണം. ശരിയായ രീതിയില്‍ ജോലി ചെയ്യുന്ന എല്ലാ ജിവനക്കാര്‍ക്കും സര്‍ക്കാരിന്റെ പരിരക്ഷയുണ്ടാകും. പരാതി ലഭിക്കുമ്പോള്‍ കൃത്യമായ നടപടി സ്വീകരിക്കണം. നിയമം ദുരുപയോഗം ചെയ്യരുത്. മുന്‍കൂട്ടിയറിയാക്കാതെ പരിശോധനകള്‍ ഉറപ്പാക്കണം. പോലീസ് സംരക്ഷണം ആവശ്യമെങ്കില്‍ തേടുക. എന്‍ഫോഴ്സ്മെന്റ് അവലോകനങ്ങള്‍ രണ്ടാഴ്ചയിലൊരിക്കല്‍ നടത്തണം. സംസ്ഥാന തലത്തില്‍ മാസത്തിലൊരിക്കല്‍ വിലയിരുത്തല്‍ നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇനിമേല്‍ പരിശോധന നടത്തുന്ന സ്ഥാപനളുടെ വിവരങ്ങള്‍ കൃത്യമായി ഓണ്‍ ലൈന്‍ മുഖേന ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇത് സംസ്ഥാന തലത്തില്‍ വിലയിരുത്തണം. ഹോട്ടലുകളുടെ ഹൈജീന്‍ റേറ്റിംഗ് സംവിധാനവും, പൊതുജനങ്ങള്‍ക്ക് വിവിരങ്ങള്‍ അറിയിക്കാനുള്ള പോര്‍ട്ടലും ഉടന്‍ തന്നെ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.