തിരുവനന്തപുരം: ശബരിമലയിൽ​ തീർത്ഥാടകർ തങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ പൊലീസ് ഉന്നതതല യോഗം തീരുമാനിച്ചു. തീർത്ഥാടകൾ ഒരു ദിവസത്തിൽ​ കൂടുതൽ തങ്ങാൻ അനുവദിക്കില്ല.16 മുതൽ 24 മണിക്കൂറിൽ കൂടുതൽ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല . ഇക്കാര്യം ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യും. ഈ മാസം 29 ന് വീണ്ടും ഉന്നത തല യോഗം ചേരും

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾ പ്രായഭേദമന്യേ ശബരിമല ദർശനത്തിന് എത്തുന്നതിനെ എതിർത്ത് നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് 146 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ​കേസുകളിൽ കർശന നടപടിയെടുക്കും. അക്രമം നടത്തിയവരെ പിടികൂടാൻ നടപടികൾ ശക്തമാക്കാനും തീരുമാനിച്ചു. ഈ കേസുകൾ പ്രത്യേക അന്വേഷണ സംഘം അന്വഷിക്കും. എസ് പിമാരുടെ നേതൃത്വത്തിലാകും അന്വേഷണം.

സുപ്രീം കോടതി വിധിക്കെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത് കോൺഗ്രസ്സും ബി ജെപിയും മറ്റ് സംഘപരിവാർ സംഘടനകളുമാണ്. പ്രതിഷേധത്തിന്റെ മറവിൽ സഞ്ചാര സ്വാതന്ത്ര്യം പോലും തടഞ്ഞ് ഉളള അക്രമ പ്രവർത്തനങ്ങളാണ് അരങ്ങേറിയത്. നിലയ്ക്കലും പമ്പയിലുമൊക്കെ നടത്തിയ അക്രമങ്ങളിൽ മാധ്യമ പ്രവർത്തകരടക്കം നിരവധിപേർക്ക് പരുക്കേറ്റു. മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ​ ഉൾപ്പടെ അക്രമികൾ തല്ലി തകർത്തു. വനിത മാധ്യമ പ്രവർത്തകരെയും ആക്രമിച്ചു.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനത്തിനെത്തിയ സ്ത്രീകളെ തടയുകയും സ്ത്രീകളുടെ വീടുകൾ ആക്രമിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സോഷ്യൽ മീഡിയയിൽ ഇക്കൂട്ടർ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook