കൊച്ചി: ബാർ കോഴ കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ 45 ദിവസം ലഭിച്ചിട്ടും പ്രതിസ്ഥാനത്തുളള കെ.എം.മാണിയെ ചോദ്യം ചെയ്യാൻ പോലും ശ്രമിക്കാത്ത വിജിലൻസിനെതിരെ രൂക്ഷ വിമർശനവുമായി സർക്കാർ അഭിഭാഷകൻ രംഗത്ത്. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.സതീഷാണ് വിജിലൻസിന്റെ മെല്ലെപ്പോക്കിനെ വിമർശിച്ച് രംഗത്ത് വന്നത്.

ബാർ കോഴ, ബാറ്ററി ഇടപാട്, കോഴിക്ക് നികുതിയിളവ് കേസുകളിൽ കെ.എം.മാണിക്കെതിരെ കേസെടുക്കാനുളള എല്ലാ സാഹചര്യവും ഉണ്ടെന്നറിയിച്ചിട്ടും കേസുകൾ അവസാനിപ്പിക്കാനാണ് വിജലൻസിന് തിടുക്കമെന്ന് സ്‌പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ കെ.പി.സതീഷ് ഐഇ മലയാളത്തോട് പറഞ്ഞു.

ബാർ കോഴ കേസ്, ബാറ്ററി ഇടപാട്, കോഴിക്ക് നികുതിയിളവ് എന്നീ കേസുകളിൽ കെ.പി.സതീഷിനെ സ്‌പെഷൽ പബ്ലിക് പ്രൊസിക്യൂട്ടറായി നിയമിച്ചത് ഇടതുസർക്കാരാണ്. കേസുകളിൽ മാണിക്കെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും കേസ് അന്വേഷണം ഇഴയുന്നതാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചത്.

“മൂവാറ്റുപുഴയിൽ വിചാരണ നടക്കുന്നതിന് തൊട്ട് തലേന്നാളാണ് എറണാകുളം ടൗൺ സൗത്ത് സ്റ്റേഷനിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തത്. അരി വാങ്ങിക്കാൻ കാശില്ലാത്തവനോ സാധാരണക്കാരനോ നൂറിന്റെയോ ആയിരത്തിന്റെയോ അഴിമതി നടത്തിയാൽ അവർക്ക് ഒരു നീതി. കോടികളുടെ അഴിമതി നടത്തുന്നവരോട് വിജിലൻസിന് മറ്റൊരു നീതി”, അഡ്വ.കെ.പി.സതീഷ് ഐഇ മലയാളത്തോട് പറഞ്ഞു.

“ഒന്നര കൊല്ലമായി കേസ് റജിസ്റ്റർ ചെയ്തിട്ട്. ഇതുവരെ കെ.എം.മാണിയെ ഒന്ന് ചോദ്യം ചെയ്യാൻ പോലും വിജിലൻസിന് സാധിച്ചിട്ടില്ല. വിജിലൻസിൽ ഉദ്യോഗസ്ഥ ക്ഷാമം ഉണ്ട്. അത് ശരിയാണ്. പക്ഷെ അഞ്ഞൂറോ ആയിരമോ കൈക്കൂലി വാങ്ങുന്നവരുടെ കേസുകളിൽ ഇതല്ലല്ലോ രീതി?”, അദ്ദേഹം ചോദിച്ചു.

“ബാറ്ററി ഇടപാട് കേസിൽ മാണിക്കെതിരെ തെളിവുളളതാണ്. കേസുമായി മുന്നോട്ട് പോകാമെന്ന് ഞാൻ അന്വേഷണ സംഘത്തിനോട് പറഞ്ഞതാണ്. എന്നാൽ ഈ കേസ് അന്വേഷണം അവസാനിപ്പിച്ചു. ബാർ കോഴ കേസിൽ പ്രധാന തെളിവ് ശബ്ദരേഖയാണ്. അഞ്ചര മിനിറ്റ് ദൈർഘ്യമുളള ശബ്ദരേഖ ആദ്യം പരിശോധിച്ചപ്പോൾ എഡിറ്റഡ് ആണെന്നാണ് റിപ്പോർട്ട് വന്നത്. ഇതേ തുടർന്ന് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ഇത് അയച്ചിരിക്കുകയാണ്. ഈ ശബ്ദരേഖ കെ.എം.മാണിയുടേതാണെന്ന് വ്യക്തമായാൽ പിന്നെ വേറെ തെളിവൊന്നും ആവശ്യമില്ല”, കേസിൽ സർക്കാർ ഭാഗം വിശദീകരിക്കേണ്ട അഭിഭാഷകൻ പറഞ്ഞു.

തന്റെ ചുമതല കേസ് വിചാരണ തുടങ്ങുമ്പോഴാണെന്ന് പറഞ്ഞ അഭിഭാഷകൻ കേസ് വിചാരണ ആരംഭിച്ചാൽ മാത്രമേ താൻ കോടതിയിൽ ഹാജരാകേണ്ടതുളളൂ എന്ന് വാദിച്ചു. എന്നാൽ തെളിവില്ലാതെ കേസ് അവസാനിപ്പിക്കാനാണ് വിജിലൻസ് ശ്രമം എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ