scorecardresearch
Latest News

ഓണത്തിന് സ്പെഷ്യൽ കിറ്റ്, പാമ്പുകടിയേറ്റു മരിച്ച ഹർഷാദിന്റെ കുടുംബത്തിന് ധനസഹായം: മന്ത്രിസഭാ തീരുമാനം

റേഷൻ വ്യാപാരികൾക്ക് ഏഴര ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

LDF Government, പിണറായി സർക്കാർ, Pinarayi Vijayan Cabinet, പിണറായി വിജയൻ, Cabinet Ministers, Pinarayi Vijayan, KK Shailaja, P Rajeev, MB Rajesh, Veena George, MV Govindan, R Bindhu, ഐഇ മലയാളം, ie malayalam
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഓണത്തിന് എല്ലാ റേഷൻ കാർഡുടമകൾക്കും ആഗസ്റ്റിൽ സ്പെഷ്യൽ ഭക്ഷ്യധാന്യ കിറ്റ് നല്കാൻ സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ കിറ്റുകൾ ഒരുമിച്ചു ചേർത്താണ് സ്പെഷ്യൽ കിറ്റ് നൽകുക. ഏകദേശം 84 ലക്ഷം കിറ്റുകളാണ് നൽകുക.

സംസ്ഥാനത്തെ ചില്ലറ റേഷൻ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പു മുഖേന ആളൊന്നിന് 1,060 രൂപ പ്രീമിയം നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. 28,398 എഫ്.പി.എസ്. ഡീലര്‍മാര്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും ഏഴര ലക്ഷം രൂപയുടെ കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുക.

രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാലയിലെ കീപ്പറായിരുന്ന ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും. വീടും നിർമിച്ച് നൽകും. ഇതിന് പുറമെ ആശ്രിത നിയമന പദ്ധതി പ്രകാരം ഹര്‍ഷാദിന്റെ ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് ജോലി നല്‍കും. മകന്റെ 18 വയസ്സുവരെയുള്ള വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കും.

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഒരു വര്‍ഷത്തേക്കുള്ള ആദ്യഘട്ട യാത്രാ നിരക്ക് നിശ്ചയിച്ചു. മിനിമം ഫെയര്‍ – 20 രൂപ (മൂന്ന് കി.മീ.) ശേഷമുള്ള ഓരോ കിലോമീറ്ററിനും നാല് രൂപ വീതം വര്‍ദ്ധനവുണ്ടാവും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും. കാലാകാലങ്ങളില്‍ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിന് അധികാരം നല്‍കി.

Also Read: മദ്യഷോപ്പുകൾക്ക് മുന്നിലെ നീണ്ട നിര; ബിവറേജസ് കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കോവിഡ് ബാധിച്ചു മരണപ്പെട്ട ഓട്ടോഡ്രൈവറായിരുന്ന തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശി ടട്ടുവിന്റെ കുടുംബത്തിന് സഹായം നല്‍കാനും സർക്കാർ തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചിലവിനും ജീവനോപാധിക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് / ഫ്‌ളാറ്റ് അനുവദിക്കും. അതുവരെ കോര്‍പ്പറേഷന്‍ പരിധിയില്‍ താത്ക്കാലിക താമസസൗകര്യം ഒരുക്കുന്നതിന് ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് മുഖാന്തിരം അടിയന്തിര നടപടി സ്വീകരിക്കുന്നതിന് വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലുള്ള പോളിടെക്‌നിക് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളില്‍ 63 അധ്യാപക തസ്തികകള്‍ നിബന്ധനകളോടെ സൃഷ്ടിക്കാനും യോഗം തീരുമാനിച്ചു.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം 2021 ജൂലായ് 21 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Special kit for onam kerala cabinet meeting decisions