കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നടൻ ദിലീപിന്റെ ഭാര്യയും അഭിനേത്രിയുമായ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വ്യാപാര സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി. ഇന്നലെ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് പൊലീസ പരിശോധന നടത്തിയത്.

പിടിയിലാകും മുൻപ് കേസിലെ മുഖ്യപ്രതികളായ പൾസർ സുനിയും സുഹൃത്തും ഈ സ്ഥാപനത്തിലെത്തിയെന്ന് നേരത്തേ പുറത്തുവന്ന കത്തിൽ പരാമർശം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിൽ പരിശോധന നടത്തിയത്.

വളരെ രഹസ്യമായാണ് പൊലീസ് സംഘം കടയിലെത്തിയത്. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം പരിശധിച്ചതായാണ് വിവരം. പെരുമ്പാവൂർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനയ്ക്ക് എത്തിയതെന്നാണ് വിവരം. ഇവിടുത്തെ ജീവനക്കാരോട് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്.

പൾസർ സുനി നടൻ ദിലീപിന് എഴുതിയെന്ന് സംശയിക്കുന്ന കത്തിലെ പരാമർശങ്ങൾ ശരിയാണോയെന്നറിയാനാണ് പൊലീസിന്റെ ശ്രമം. പൾസർ സുനി എഴുതിയ കത്തിൽ കാക്കനാട്ടെ ഷോപ്പിൽ പോയതായി രണ്ടുതവണ പറഞ്ഞിരുന്നു. ഈ കത്ത് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് കത്തിനെ കുറിച്ച് നടൻ ദിലീപ് വ്യക്തമാക്കിയിരുന്നത്. ഇക്കാര്യങ്ങൾ പരിശോധിക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം.

കൃത്യം നടത്തിയ ശേഷം ഒളിവിൽ പോകും മുൻപാണ് പ്രതികൾ കാക്കനാട്ടെ കടയിലെത്തിയതായി പറയപ്പെടുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ദിലീപിനോട് പൊലീസ് ഒരുപാട് കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് നടിക്കെതിരെ മോശം പരാമർശം നടത്തിയവർക്കെതിരെ താരസംഘടനയായ അമ്മയുടെ മൃദുസമീപനം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വി.എസും എംഎ ബേബിയും അടക്കമുള്ള സിപിഎം നേതാക്കൾ രംഗത്ത് വന്നതിന് പുറമേ മഹിള കോൺഗ്രസ്, ജനാധിപത്യ മഹിള അസോസിയേഷൻ, മഹിള മോർച്ച എന്നീ സംഘടനകളും നിയമ നടപടിക്ക് ഒരുങ്ങുന്നുണ്ട്.

സിനിമ പ്രവർത്തകർക്കിടയിൽ തന്നെ ഇത് വൻ ചേരിതിരിവിന് കാരണമായിട്ടുണ്ട്. നടനും സംവിധായകനുമായ ജോയ് മാത്യു പരിഹാസവുമായി ഇന്നലെ രംഗത്ത് എത്തിയിരുന്നു. “എല്ലാവർക്കും അറിയ്യേണ്ടത്‌ സിനിമാക്കാരുടെ സംഘടനയായ അമ്മയിൽ എന്ത്‌ സംഭവിച്ചു എന്നാണെന്നും എന്നാല്‍ അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ അമ്മ” എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചത്.

പരോക്ഷമായി അമ്മയുടെ നിലപാടിനെ വിമർശിച്ച വുമൺ ഇൻ കളക്ടീവ് സിനിമ പ്രവർത്തകർ കുറിച്ചത് എല്ലാ സംഘടനകളിലും ആണധികാരം ശക്തമാണെന്നാണ്. ഇന്നോ നാളെയോ മാറ്റി തീർക്കാനോ പുതുക്കി പണിയാനോ പറ്റുന്ന ചട്ടകൂടല്ല ഇവിടുത്തെ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രസ്ഥാനങ്ങൾക്കുളളതെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. നൂറ്റാണ്ടുകളായി രൂപപ്പെട്ട ആണധികാരത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടനകളെ പൊളിച്ചുമാറ്റി പുതിയ ഭാവുകത്വത്തിലേക്ക് അവയെ നടത്തിക്കാൻ അടുത്ത 100 വർഷം മതിയാകമോ എന്ന് ഞങ്ങൾക്കറിയില്ലെന്നും വനിതാ കൂട്ടായ്മ വിമര്‍ശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ