തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സമഗ്ര പാക്കേജുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്നും പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ജീവനക്കാർക്കുള്ള ജനുവരി മാസത്തെ ശമ്പളം അഞ്ചിന് മുമ്പ് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് ത്രികക്ഷി കരാര്‍ നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ട് വച്ചു. മാനേജ്മെന്റും ജീവനക്കാരും സര്‍ക്ക‍ാരും കരാറില്‍ പങ്കാളികളാകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. ഓരോ വിഭാഗവും ചെയ്യേണ്ട കാര്യങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തും. തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.

പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബസുകൾ ഇറക്കേണ്ടി വരും. കിഫ്ബിയിൽനിന്ന് ബജറ്റിൽ പറഞ്ഞതിനനുസൃതമായി സഹായം സ്വീകരിച്ച് വണ്ടികൾ നിരത്തിലിറക്കും. കിഫ്ബി നിബന്ധനകളിൽ ചില ഇളവുകൾ നൽകണമെന്ന് ആവശ്യപ്പെടും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ടു തവണകളായാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യുന്നത്. മൂന്ന് മാസമായി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന  കെഎസ്ആർടിസിക്ക് ആശ്വാസമാകും നിലവിലെ തീരുമാനങ്ങളെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 മുതൽ അനിശ്ചിതകാല പണിമുടക്ക് മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് പിൻവലിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.