scorecardresearch
Latest News

കേന്ദ്രത്തിനെതിരെ ഒത്തൊരുമിച്ച്; കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

രാവിലെ ഒൻപതിന് സമ്മേളനം ആരംഭിച്ചു. നിയമസഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു

CM Pinarayi Vijayan, പിണറായി വിജയൻ, മുഖ്യമന്ത്രി, Kerala, കേരളം, Financial crisis, സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം: കർഷകപ്രക്ഷോഭം ഒത്തുതീർക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം പാസാക്കി. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സമ്മേളനം നടന്നത്. കേന്ദ്രം കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള നിയമസഭയുടെ പ്രമേയത്തിൽ ആവശ്യപ്പെട്ടു. മുഖ്യപ്രതിപക്ഷമായ യുഡിഎഫ് പ്രമേയത്തെ പിന്തുണച്ചു.

രാവിലെ ഒൻപതിന് സമ്മേളനം ആരംഭിച്ചു. നിയമസഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച ശേഷം യുഡിഎഫിന് വേണ്ടി കെ.സി.ജോസഫ് സംസാരിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ നിയമസഭയിൽ എത്തിയിട്ടില്ല. അതിനു പകരമാണ് കെ.സി.ജോസഫ് സംസാരിച്ചത്. ഘടകകക്ഷി നേതാക്കൾക്കും സംസാരിക്കാൻ അവസരമുണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം സഭാ സമ്മേളനം തുടർന്നു.

കേന്ദ്രം പാസാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾ കോർപറേറ്റുകൾക്ക് വേണ്ടിയാണ്. ന്യായവില എടുത്തുകളയുന്നതാണ് നിയമങ്ങൾ. കർഷക പ്രതിഷേധം തുടർന്നാൽ അത് കേരളത്തെ വലിയ രീതിയിൽ ബാധിക്കും. കർഷകരുടെ സമരത്തിനു പിന്നിൽ വലിയ ഇച്ഛാശക്തിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

Read Also: എന്ത് പ്രശ്നം വന്നാലും മോദിയെ വിമർശിക്കണമെന്നാണ് ചിലർക്ക്; പ്രമേയത്തെ എതിർത്തത് രാജഗോപാൽ മാത്രം

കാർഷിക നിയമങ്ങൾക്കെതിരെ കേരളത്തിൽ പുതിയ നിയമം കൊണ്ടുവരുന്ന കാര്യം ആലോചനയിലാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമവശങ്ങൾ ആലാേചിച്ച ശേഷം ബിൽ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം.

നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണയ്‌ക്കുന്നതിനൊപ്പം ഗവർണർക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും യുഡിഎഫ് രൂക്ഷ വിമർശനമുന്നയിച്ചു. പ്രത്യേക നിയമസഭ സമ്മേളനം ചേരാനുള്ള ശുപാർശ തള്ളിയ ഗവർണറുടെ നടപടി ഭരണഘടന ലംഘനമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവർത്തിച്ചു. എന്നാൽ, ഗവർണറുടെ നടപടിയോട് സർക്കാർ തണുപ്പൻ മട്ടിലാണ് പ്രതികരിച്ചതെന്നും പ്രതിപക്ഷം വിമർശിച്ചു.

“ഡിസംബർ 23 ന് നിയമസഭ ചേരാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഗവർണർ അനുമതി നൽകിയില്ല. നിയമസഭയിൽ ഭൂരിപക്ഷമുള്ള ഒരു സർക്കാർ സമ്മേളനത്തിനു ശുപാർശ ചെയ്യുമ്പോൾ അതിനു അനുമതി നൽകുകയാണ് ഗവർണറുടെ കടമ. എന്നാൽ, തീർത്തും ഭരണഘടന ലംഘനമാണ് ഗവർണർ നടത്തിയത്. ഗവർണറോട് മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കേണ്ടിയിരുന്നു. എന്നാൽ, സർക്കാർ ഇതിനെ വളരെ ലാഘവബുദ്ധിയോടെ കണ്ടു. തണുപ്പൻ മട്ടിലായിരുന്നു സർക്കാർ ഗവർണറുടെ നടപടിയോട് പ്രതികരിച്ചത്,” കോൺഗ്രസ് എംഎൽഎ കെ.സി.ജോസഫ് പറഞ്ഞു.

“നിയമസഭ സമ്മേളനത്തിനു അനുമതി നിഷേധിച്ച ഗവർണറെ കാണാൻ രണ്ട് മന്ത്രിമാർ ക്രിസ്‌മസ് കേക്കുമായി രാജ്‌ഭവനിലേക്ക് പോയി. ഗവർണറുടെ കാലുപിടിക്കുന്നതുപോലെ അപേക്ഷിച്ചു. നമ്മൾ ആരെയാണ് ഭയക്കുന്നത് ?” കെ.സി.ജോസഫ് ചോദിച്ചു. പ്രമേയം പാസാക്കുന്നതിനു പകരം ഒരു കാർഷിക നിയമങ്ങൾക്കെതിരായ ഒരു ബിൽ കൊണ്ടുവരികയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നതെന്നും ജോസഫ് പറഞ്ഞു.

പ്രമേയത്തിൽ പ്രധാനമന്ത്രിക്കെതിരെ പരാമർശം ചേർക്കണമെന്ന് കെ.സി.ജോസഫ് ആവശ്യപ്പെട്ടു. എന്നാൽ, ഈ ഭേദഗതി ആവശ്യം വോട്ടിനിട്ട് തള്ളി. കേന്ദ്രത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും പ്രമേയത്തിൽ പരാമർശങ്ങൾ ഉണ്ടെന്നും വേറെ പരാമർശങ്ങൾ ചേർത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.

നേരത്തേ 23-ന് സഭ ചേരാൻ മന്ത്രിസഭ ശുപാർശ ചെയ്തെങ്കിലും ഗവർണർ വിജ്ഞാപനത്തിൽ ഒപ്പിട്ടില്ല. ഇത് ഭരണഘടനാ ലംഘനമാണെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. പ്രതിപക്ഷവും ഗവർണറുടെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട് ചേർന്ന മന്ത്രിസഭായോഗത്തിൽ  31-ന് സമ്മേളനം വിളിക്കാൻ വീണ്ടും ശുപാർശ ചെയ്‌തു. ഇത് ഗവർണർ അംഗീകരിക്കുകയായിരുന്നു.

Read Also: സംസ്ഥാനത്ത് പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സർക്കാർ കൊണ്ടുവരുന്ന പ്രമേയത്തെ യുഡിഎഫ് പിന്തുണയ്‌ക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേരത്തെ അറിയിച്ചത്. കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന നിയമം കർഷക വിരുദ്ധ കരിനിയമമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നേരത്തെ പറഞ്ഞിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

“കേന്ദ്രം പാസാക്കിയ മൂന്ന് നിയമങ്ങൾ കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ല. കേന്ദ്രം കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്,” കൃഷിമന്ത്രി പറഞ്ഞു.

നിയമം നടപ്പിലാക്കാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചാലും അത് നേരിടാൻ തയ്യാറാണെന്നും കേന്ദ്രം ഏകപക്ഷീയമായി തീരുമാനിച്ച് നിയമങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ ഇത്തരം നിയമങ്ങളിലൂടെ സംസ്ഥാനത്തിന്റെ അധികാര പരിധിയിലേക്ക് കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Special assembly session ldf udf opposes farm law